നേമം: അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് അമ്പരന്ന് പള്ളിച്ചൽ പാരൂർകുഴി രതീഷ് ഭവനിലെ രതീഷും കുടുംബവും. കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധിയായിരുന്നു രതീഷിന്റെ വീട്ടിൽ എത്തിയ അതിഥി. പാറശ്ശാലയിൽനിന്ന് കാൽനടയായി നേമത്തെ സമാപന വേദിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് രാഹുൽ ഗാന്ധി രതീഷിന്റെ വീട്ടിൽ ഒരു ചായ കുടിക്കാനായി കയറിയത്.
യാത്രയ്ക്കിടെ വൈകീട്ട് അഞ്ചരയോടെയാണ് ചായ കുടിക്കാൻ തോന്നുന്നുവെന്ന് അറിയിച്ചത്. ഉടനടി കോൺഗ്രസ് പ്രവർത്തകനായ രതീഷിന്റെ ചേട്ടൻ പാരൂർകുഴി ദിനേശ് അനുജന്റെ വീട്ടിൽ അതിനായുള്ള അവസരം ഒരുക്കുകയായിരുന്നു. ഇരുപത് മിനിറ്റോളം രതീഷിന്റെ വീട്ടിൽ ചെലവിട്ട രാഹുൽ ഗാന്ധി രതീഷിന്റെ മക്കളായ ആതിരയോടും അഞ്ജലിയോടും ഭാര്യ ചിത്രയോടും കുശലാന്വേഷണം നടത്തിയ ശേഷമാണ് മടങ്ങിയത്.
കുട്ടികളോട് നന്നായി പഠിക്കാനും എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കിൽ അറിയിക്കാനും രാഹുൽ ഗാന്ധി അറിയിച്ചു. ഒരു വി.ഐ.പി. വീട്ടിലേക്ക് കടന്നുവന്ന് ഒരു സാധാരണക്കാരനെ പോലെ ചായ കുടിച്ച് മടങ്ങിയതിന്റെ സന്തോഷത്തിലാണ് തങ്ങളെന്ന് രതീഷിന്റെ കുടുംബം പറയുന്നു.
Discussion about this post