കോട്ടയം: സംസ്ഥാനത്ത് തെരുവുനായ അക്രമം രൂക്ഷമാവുന്നതിനിടെ വൈക്കം കടുത്തുരുത്തി പ്രദേശങ്ങളില്‍ തെരുവുനായകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി. ഇതിനെതിരെ പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍ രംഗത്തെത്തി.
കടുത്തുരുത്തിയിലും പെരുവയിലും പരിസര പ്രദേശങ്ങളിലുമായി പത്തോളം തെരുവുനായ്ക്കളാണ് ചത്തത്. പലതവണ നാട്ടുകാര്‍ക്ക് കടിയേറ്റിട്ടും അധികൃതര്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് നായകളെ വിഷംവെച്ച് കൊന്നതായാണ് ആരോപണം.
തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കല്‍, കീഴൂര്‍ എന്നിവിടങ്ങളില്‍ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്. മുളക്കുളം പഞ്ചായത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ വൈക്കം പ്രദേശത്ത് മാത്രം ഇരുപതോളം പേര്‍ക്കാണ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ വീട്ടിലേയ്ക്കു നടന്നു പോയ വീട്ടമ്മയെയും നായ ആക്രമിച്ചിരുന്നു.
സംഭവത്തില്‍ ഇതിനോടകം പ്രതിഷേധവും ശക്തമായിട്ടുണ്ട്. അക്രമകാരികളായ നായ്ക്കളെ പ്രതിരോധിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് പകരം നിരുപദ്രവകാരികളായ നായകളെയടക്കം കൊന്നൊടുക്കിയ നടപടിക്കെതിരെയാണ് മൃഗസ്‌നേഹികളുടെ പ്രതിഷേധം.