തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എ എൻ ഷംസീർ തെരഞ്ഞെടുക്കപ്പെട്ടു.യുഡിഎഫിലെ അൻവർ സാദത്തിനെ 40ന് എതിരെ 96 വോട്ടുകൾക്കാണ് ഷംസീർ തോൽപ്പിച്ചത്.
കണ്ണൂരിൽനിന്നുള്ള ആദ്യ സ്പീക്കറാണ് ഷംസീർ.കേരള നിയമസഭയുടെ 24-ാമത് സ്‌പീക്കറായാണ് ചുമതലയേൽക്കുന്നത്. പുതിയ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേര്‍ന്ന് ചെയറിലേക്ക് നയിച്ചു.പുതിയ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും അഭിനന്ദിച്ചു.
കഴിഞ്ഞ ആഴ്ചയാണ് എഎൻ ഷംസീറിനെ സ്പീക്കറാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.എംഎൽഎയായി രണ്ടാമൂഴത്തിലാണ് ഷംസീർ സ്പീക്കർ സ്ഥാനത്തേക്ക് എത്തിയത്.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ അഡ്വ എ എൻ ഷംസീർ പൊതുരംഗത്തെത്തിയത്. കണ്ണൂർ സർവകലാശാല യൂണിയന്‍റെ ആദ്യ ചെയർമാനായിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി,അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ബ്രണ്ണൻകോളേജിൽ നിന്ന് ഫിലോസഫി ബിരുദവും പാലയാട് ക്യാമ്പസിൽ നിന്ന് നരവംശശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദവുമെടുത്ത ശേഷം പാലയാട് സ്‌കൂൾ ഓഫ് ലീഗൽ സ്‌റ്റഡീസിലാണ് എൽഎൽബിയും എൽഎൽഎമ്മും പൂർത്തിയാക്കിയിട്ടുണ്ട് .