തിരുവനന്തപുരം: ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താത്തതിന്റെ പശ്ചാത്തലത്തില്‍ അമ്പലത്തില്‍ മണിമുഴക്കി പ്രാര്‍ത്ഥിച്ച് സ്വാമി സന്ദീപാനന്ദഗിരി. ആശ്രമം കത്തിച്ച സംഭവത്തില്‍ നാലുവര്‍ഷം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത പശ്ചാത്തലത്തിലാണ് സന്ദീപാനന്ദഗിരി അല്‍മോറ ക്ഷേത്രത്തിലെത്തിയത്.
ഇതിന്റെ വീഡിയോ ദൃശ്യം അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ഇന്ത്യന്‍ നീതിന്യായ കോടതികള്‍ക്കുള്ള വെല്ലുവിളി കൂടിയായാണ് ഇത്തരത്തില്‍ മണികെട്ടിത്തൂക്കി ജനങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കേണ്ടി വരുന്നത്.
കേരളാ പോലീസിന് അന്വേഷിച്ച് കണ്ടെത്താന്‍ പറ്റിയിട്ടില്ല, ക്രൈംബ്രാഞ്ചിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പാതിരാത്രിയുടെ മറവില്‍ ആശ്രമം കത്തിച്ച ദുഷ്ട ശക്തികളെ നിയമത്തില്‍ മുന്നില്‍ കൊണ്ടുവരണേ ദേവി’, എന്ന് പ്രാര്‍ത്ഥിച്ചാണ് മൂന്നുതവണ സന്ദീപാനന്ദഗിരി മണിമുഴക്കുന്നത്.
Read Also: ദേവിയ്ക്ക് സ്വന്തം നാവ് സമര്‍പ്പിച്ചു: യുവാവ് അതീവ ഗുരുതരാവസ്ഥയില്‍
അല്‍മോറയിലെ ക്ഷേത്രത്തില്‍ പോയി മനസില്‍ ആഗ്രഹിച്ച് മണിമുഴക്കിയാല്‍ തെളിയിക്കപ്പെടാത്ത ഏത് കേസും തെളിയുമെന്നാണ് വിശ്വാസം. തിരുവോണ നാളില്‍ പ്രാര്‍ത്ഥിച്ചാല്‍ ഫലിക്കുമെന്നും സ്വാമി ഫേസ്ബുക്കില്‍ കുറിച്ചു.
2018 ഒക്ടോബര്‍ 27-ന് പുലര്‍ച്ചെയായിരുന്നു കുണ്ടമണ്‍കടവിലെ ആശ്രമത്തില്‍ തീപ്പിടിത്തമുണ്ടായത്. രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. തീ കത്തിച്ച ശേഷം ആശ്രമത്തിനുമുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വെച്ചിരുന്നു.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് സന്ദീപാനന്ദഗിരി സ്വീകരിച്ചിരുന്നത്. ഇതില്‍ സംഘപരിവാര്‍ സംഘടനകളില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവം നടന്നദിവസം ആശ്രമത്തിലെത്തി പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആശ്രമത്തിലെ സിസിടിവി കേടായിരുന്നു. ആശ്രമത്തിന്റെ ആറുകിലോമീറ്റര്‍ ചുറ്റളവിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്.