കുറ്റിക്കാട്ടൂർ: കോഴിക്കോട് പറയഞ്ചേരിയിൽ കാർ ഡിവൈഡറിൽ അടിച്ച് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. തിരുവോണനാളില#് പുലർച്ചെ ഉണ്ടായ അപകടത്തിലാണ് പെരുവയൽ കൂടത്തിങ്ങൽ അനീഷിന്റെ മകൻ അഷിൻ(20) മരിച്ചത്.
അപകവാർത്തയുമായാണ് വ്യാഴാഴ്ച നാട് ഉണർന്നത്. കുടുംബത്തോടൊപ്പം ഓണമുണ്ണേണ്ടിയിരുന്ന അഷിന്റെ ചേതനയറ്റ ശരീരം ഉച്ചക്ക് ഒന്നരയോടെയാണ് കൂടത്തിങ്ങൽ വീട്ടിലെത്തിച്ചത്. മൃതദേഹമെത്തിയതോടെ കൂട്ടക്കരച്ചിൽ മുഴങ്ങിയത് നാടിനെയാകെ കണ്ണീരിലാക്കിയാണ്.
മെഡിക്കൽ കോളജ് -കോഴിക്കോട് റോഡിൽ പറയഞ്ചേരിയിലാണ് തിരുവോണദിവസം പുലർച്ച മൂന്നോടെ നാടിനെ നടുക്കിയ അപകടമുണ്ടായത്. മംഗളൂരുവിൽ എംബിബിഎസിന് പഠിക്കുന്ന പിതൃസഹോദര പുത്രൻ അദ്വൈതിനെ യാത്രയാക്കാനായി കൂട്ടുകാരൻ അമൽ സേവ്യറോടൊപ്പം കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് കാറിൽ പോയതായിരുന്നു അഷിനും സുഹൃത്തും.
കാർ അപകടത്തിൽ അമൽ സേവ്യർക്കും (20) അദ്വൈതിനും (22) പരിക്കേറ്റിട്ടുണ്ട്. ഡിവൈഡറിലിടിച്ച് നിയന്ത്രണംവിട്ട കാർ റോഡരികിൽ കൂട്ടിയിട്ട പൈപ്പുകളിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നിരുന്നു.
വിവരമറിഞ്ഞ് അഗ്നിരക്ഷാസേന എത്തിയാണ് പരിക്കേറ്റവരെ കാറിൽനിന്ന് പുറത്തെടുത്തത്. വെള്ളന്നൂരിലെ ഗവ. ആർട്‌സ് കോളജ് ബിരുദ വിദ്യാർഥിയായ അഷിൻ 2022ലെ മിസ്റ്റർ കാലിക്കറ്റ് ആയിരുന്നു. പിതാവ് അനീഷ് പെരുവയൽ അങ്ങാടിയിൽ ഇൻഡസ്ട്രിയൽ നടത്തുകയാണ്. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ വീട്ടുവളപ്പിൽ സംസ്‌കാരം നടന്നു.
Discussion about this post