ഇടുക്കി: ഉപ്പുതറയിലെ ഭർതൃഗൃഹത്തിൽ വെച്ച് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയെന്ന പരാതിയുമായി ബന്ധുക്കൾ. പത്തു മാസം മുൻപ് വിവാഹിതയായ എംകെ ഷീജയാണ് ഇന്നലെ രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
ഇടുക്കി ഉപ്പുതറ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റും. കോട് സ്വദേശി ജോബിഷിന്റെ ഭാര്യ എംകെ ഷീജയാണ് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത്.
ഷീജയെ ഭർത്താവ് നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്ന് പറഞ്ഞിരുന്നതായി ഷീജയുടെ ബന്ധുക്കൾ ആരോപിക്കുന്നു. കൂടാതെ ഭർത്താവിന്റെ മാതാപിതാക്കളും തന്നോട് വഴക്കാണെന്നും ഷീജ പറഞ്ഞിരുന്നതായി സഹോദരൻ വെളിപ്പെടുത്തി.
ഷീജയുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നും മരണവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു. ഭർത്താവ് സ്ഥിരമായി മദ്യപിച്ചെത്തി ഷീജയുമായി വഴക്കുണ്ടാക്കിയിരുന്നു എന്നാണ് ആരോപണം. പോലീസും തഹസിൽദാരും ഉപ്പുതറ ആശുപത്രിയിലെത്തി നടപടികൾ പൂർത്തിയാക്കി.
Discussion about this post