തുറവൂര്‍: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ കടിയേറ്റയാള്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ക്കെതിരെ രംഗത്ത്. പറയകാട് ഇടമുറി ശശിധരന് (72) ബുധനാഴ്ചയാണു മരിച്ചത്. ശശിധരന്റെ മരണകാരണം അധികൃതര്‍ വ്യക്തമാക്കിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
പൂച്ചയുടെ കടിയേറ്റതിന് പിന്നാലെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നു. ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. എന്നാല്‍ ബുധനാഴ്ചയോടെ മരണപ്പെുകയായിരുന്നു. കുത്തിയതോട് വെച്ച് ഓഗസ്റ്റ് 21ന് ആണു ശശിധരനു പൂച്ചയുടെ കടിയേറ്റത്.
വൈകിട്ട് 7 മണിയോടെ വല്യതോട് മീന്‍ വളര്‍ത്തല്‍ കേന്ദ്രത്തിനു സമീപം വലയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു കടിയേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശശിധരനെ രണ്ടു മണിക്കൂര്‍ നിരീക്ഷിച്ച ശേഷം തിരിച്ചയച്ചു. തിരിച്ച് തുറവൂരില്‍ എത്തിയപ്പോഴേക്കും തലചുറ്റലുണ്ടായതോടെ വീണ്ടും തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെ സോഡിയവും ഷുഗറും കുറഞ്ഞ് അവശനിലയിലായി. സ്ഥിതി മെച്ചപ്പെട്ട് വീട്ടില്‍ എത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധനകളും ഒട്ടേറെ തവണ സ്കാനിങ്ങും നടത്തി. വൈകീട്ട് 7ന് ഹൃദായാഘാതം ഉണ്ടായി 11 മണിയോടെ മരിക്കുകയായിരുന്നുവെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.
അതേസമയം, സംഭവത്തില്‍ ആശുപത്രി അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ല. വസുമതിയാണ് ശശിധരന്റെ ഭാര്യ. മക്കള്‍: കലേഷ് കുമാര്‍, കവിത. മരുമക്കള്‍: പ്രസാദ് (ഫീല്‍ഡ് അസിസ്റ്റന്റ്, വില്ലേജ് ഓഫിസ്, തൈക്കാട്ടുശേരി), ഷിജിത.
Discussion about this post