കൊല്ലം: ഇത്തവണത്തെതിരുവോണ തലേന്നത്തെ മദ്യവില്‍പനയില്‍ റെക്കോര്‍ഡ് അടിച്ചതോടെ കൊല്ലം ആശ്രാമം ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നില്‍ കേക്ക് മുറിച്ച് ആഘോഷം. മദ്യ പ്രേമികളും ബിവറേജസ് ജീവനക്കാരും ഉള്‍പ്പടെയുള്ളവരാണ് കേക്ക് മുറിച്ചുകൊണ്ട് ആഘോഷം സംഘടിപ്പിച്ചത്. ഇത്തവണ ഉത്രാടത്തിന് റെക്കോര്‍ഡ് മദ്യ വില്‍പ്പനയാണ് കൊല്ലത്തെ ബെവ്‌കോയില്‍ നടന്നത്.
ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റതിന്റെ ക്രെഡിറ്റ് കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റിനാണ്. ഒരു കോടി ആറു ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം തിരുവനന്തപുരം പവര്‍ഹൗസ് റോഡ് ഔട്ട്ലറ്റിനാണ്. ഒരു കോടി രണ്ട് ലക്ഷം രുപയുടെ മദ്യം ഇവിടെ നിന്ന് വിറ്റു. മൂന്നാം സ്ഥാനത്തെ വില്‍പന ഇരിങ്ങാലക്കുട ഔട്ട്‌ലറ്റിനാണ്. ഏറ്റവും കുറവ് മദ്യ വില്‍പന നടന്നത് വയനാട് വൈത്തിരി ഔട്ട്‌ലെറ്റിലായിരുന്നു.
കേരളത്തില്‍ ഉത്രാട ദിവസം മാത്രം 118 കോടിയുടെ മദ്യ വില്‍പന നടന്നെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റിരുന്നത്. ഉത്രാടംവരെ ഏഴു ദിവസത്തെ കണക്ക് നോക്കിയാല്‍ വിലപ്പന 624 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 529 കോടിയുടെ മദ്യമാണ് വിറ്റത്.
സംസ്ഥാനത്ത് രണ്ടു വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം ഓണം മലയാളികള്‍ കേമമായി ആഘോഷിച്ചപ്പോള്‍ മദ്യവില്‍പ്പനയിലും റെക്കോര്‍ഡിടുകയായിരുന്നു. ഓണവുമായി ബന്ധപ്പെട്ട ഏഴു ദിവസത്തെ മദ്യവില്‍പ്പനയിലൂടെ വിവിധ നികുതിയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്കെത്തിയതാകട്ടെ അഞ്ഞൂറ് കോടിയിലേറെയാണ്.