ഓണത്തിന്റേയും മറ്റ് തിരക്കുകള്‍ക്കിടയിലും പാല്‍തു ജാന്‍വര്‍ സിനിമ കാണാനെത്തി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കൊല്ലം കാര്‍ണിവല്‍ തീയേറ്ററിലെത്തിയാണ് മന്ത്രി സിനിമ കണ്ടത്.
മുന്‍കൂട്ടി അറിയിപ്പൊന്നുമില്ലാതെ മന്ത്രിയുടെ അപ്രതീക്ഷിത വരവ് കാണികള്‍ക്കും ആവേശമായി. കുടിയാന്മല എന്ന ഗ്രാമത്തിലെ ഒരു വെറ്റിനറി ആശുപത്രിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ബേസില്‍ ജോസഫ് അഭിനയിച്ച ചിത്രമാണ് പാല്‍തു ജാന്‍വര്‍.
സിനിമയില്‍ ബേസില്‍ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടറുടെ വേഷത്തിലാണ് എത്തുന്നത്. സിനിമ ഇഷ്ടപെട്ടെന്നും കേരളത്തിലെ എല്ലാ വെറ്റിനറി ഡോക്ടര്‍മാരും ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരും കണ്ടിരിക്കേണ്ട സിനിമയാണ് ഇതെന്നും മന്ത്രി പ്രതികരിച്ചു.
മക്കള്‍ക്ക് ഒരു അസുഖം വരുമ്പോള്‍ എങ്ങനെയാണ് നമ്മളവരെ പരിപാലിക്കുന്നത്, അതുപോലെ ജോണി ആന്റണിയുടെ കഥാപാത്രം തന്റെ പശുവിനോട് കാണിക്കുന്ന സ്നേഹം ഉള്ളില്‍ തട്ടി എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അച്ഛന്റെ മരണശേഷം, അദ്ദേഹം ചെയ്തിരുന്ന ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ജോലിയിലേക്ക് പ്രവേശിക്കുന്ന പ്രസൂണ്‍ (ബേസില്‍ ജോസഫ്) എന്ന യുവാവിന്റെ അനുഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
ഒരു ആനിമേറ്റര്‍ ആവണം എന്ന അതിയായ മോഹമുപേക്ഷിച്ച് തന്റെയും കുടുംബത്തിന്റെയും സാമ്പത്തിക സുരക്ഷ, അച്ഛന് ചെയ്തിരുന്ന ജോലി തുടങ്ങിയ പരിഗണനകളില്‍ മനസ്സില്ലാമനസ്സോടെ അയാള്‍ കുടിയാന്മല എന്ന ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രിയിലെ ജോലിയില്‍ പ്രവേശിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പുതുമുഖമായ സംഗീത് പി രാജനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദിലീഷ് പോത്തനും ഫഹദ് ഫാസിലും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.
Discussion about this post