തിരുവനന്തപുരം: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് തട്ടിക്കൊണ്ടുപോയ 14 കാരനെ പാറശ്ശാല പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി. സിനിമയെ വെല്ലുന്ന ഓപ്പറേഷനാണ് കേസില്‍ പോലീസ് നടത്തിയത്.
കൊല്ലം കൊട്ടിയത്ത് നിന്ന് 14 കാരനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രതികളിലേക്കെത്താനും സംഭവത്തിന്റെ ദുരൂഹത നീക്കാനും പോലീസ് നടത്തിയ അവസരോചിത ഇടപെടലിന് കൊടുക്കണം ഒരു ബിഗ് സല്ല്യൂട്ട്. തട്ടിക്കൊണ്ടുപോയ കുട്ടിയെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്താനും തട്ടിക്കൊണ്ടുപോകാനുപയോഗിച്ച വാഹനവും സംഘത്തിലെ ഒരാളെ കസ്റ്റഡിയിലെടുക്കാനും പോലീസിന് വളരെ വേഗത്തില്‍ കഴിഞ്ഞു.
തട്ടിക്കൊണ്ടുപോകാനായി കുട്ടിയായ ആഷിഖിന്റെ വീടിന് മുന്നില്‍ രണ്ടംഗ സംഘം കാത്തുനില്ക്കുകയായിരുന്നു. അച്ഛനും അമ്മയും ഇല്ല എന്നുറാപ്പിക്കിയ ശേഷം അകത്തേക്ക് സംഘം കയറി. സഹോദരിയെയും അയല്‍വാസിയെയും തള്ളിമാറ്റി കുട്ടിയെ ബലമായി പുറത്തേക്കുകൊണ്ടുപോയി.
സംഘം കുട്ടിയുമായി വേഗത്തില്‍ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമമാണ് പോലീസ് തടഞ്ഞത്. കൊട്ടിയം പോലീസ് തിരുവനന്തപുരത്തുള്ള എല്ലാ സ്റ്റേഷനിലേക്കും കണ്ട്രോള് റൂം വഴി സംഭവം അറിയിക്കുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നെത്തിയ സംഘം കാറില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പാറശാല അടക്കം എല്ലാ ചെക്പോസ്റ്റുകളിലും അതിര്‍ത്തി റോഡുകളിലും പോലീസ് നിലയുറപ്പിക്കുകയായിരുന്നു.
ഒടുവില്‍ പാറശാല എത്തുന്നതിന് മുമ്പേ പോലീസിനെ കണ്ട സംഘം അതിവേഗതയില്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അതിസാഹസികമായി പോലീസ് ഇവരെ പിടികൂടിയത്. കാര്‍ ഉപേക്ഷിച്ച സംഘം ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു.
എന്നാല്‍ തൊട്ടടുത്ത ജങ്ഷനില്‍ വെച്ച് സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. ആഷിഖിനെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. നിലവില്‍ ഒരാള്‍ മാത്രമാണ് പോലീസ് കസ്റ്റഡിയിലെങ്കിലും സംഘത്തിലെ എല്ലാവരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ നമ്പറുള്‍പ്പെടെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്ന് തന്നെ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനാകുമെന്നാണ് പോലീസ് പ്രതീക്ഷ. ഇതിനായി തമിഴ്നാട് പോലീസുമായി യോജിച്ചുള്ള ഓപറേഷനാണ് കേരളാ പോലീസ് നടത്തുന്നത്. ഡോക്ടറുള്‍പ്പെടെയുള്ള സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലുള്ളതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നു.
സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് 14 കാരനെ സംഘം തട്ടിക്കൊണ്ട് പോയത്. കുട്ടിയുടെ കുടുംബം ബന്ധുവില്‍ നിന്നും 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കിയില്ല. പണം വാങ്ങിയെടുക്കാന്‍ ബന്ധുവിന്റെ മകന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
മര്‍ത്താണ്ഡത്ത് ബി ഫാമിന് പഠിക്കുന്നയാളാണ് ക്വട്ടേഷന്‍ നല്‍കിയത്. കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ഒരു ലക്ഷം രൂപക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് സംഘം കുട്ടിയെ തട്ടി കൊണ്ടുപോയത്.
കുട്ടിയെ തട്ടിയെടുത്ത് തമിഴ്നാട് മാര്‍ത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. പാറശാല പോലീസാണ് കുട്ടിയെ രക്ഷിച്ചത്. മര്‍ത്താണ്ഡം സ്വദേശി ബിജുവിനെയാണ് പോലീസ് പിടികൂടിയത്.
Discussion about this post