ഇടുക്കി: സ്‌കൂട്ടറിൽ ഇടിച്ചിട്ട് നിർത്താതെ പോയ കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ധാക്കി. ഇടുക്കി ആർ.ടി.ഒ ആണ് ലൈസൻസ് താത്കാലികമായി റദ്ദാക്കിയത്. ബസ് ഡ്രൈവറുടെ ലൈസൻസ് ഒരു മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്.
കോട്ടയം കൂട്ടിക്കൽ സ്വദേശി ബിനോയിക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ മാസം 29നായിരുന്നു കേസിനാസ്പദമായ സംഭവം. ഈ സംഭവത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളും മുരിക്കാശേരി സ്വദേശികളായ നിരഞ്ജന, നീലാഞ്ജന എന്നിവർ ഇടുക്കി ആർ.ടി.ഒ ആർ. രമണന് പരാതി നൽകിയിരുന്നു.
പിന്നാലെയാണ് നടപടി സ്വീകരിച്ചത്. എറണാകുളത്ത് നിന്ന് കട്ടപ്പനയിലേക്ക് വന്ന ബസാണ് മുരിക്കാശേരിയിൽ വച്ച് സ്‌കൂട്ടറിൽ വരികയായിരുന്ന അമ്മയെയും രണ്ട് പെൺകുട്ടികളെയും ഇടിച്ചിട്ടത്. ശേഷം ബസ് നിർത്താതെ പോവുകയും ചെയ്തു. സംഭവം കണ്ട നാട്ടുകാർ ആണ് ഓടിയെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
മുരിക്കാശ്ശേരി സ്വദേശി രഞ്ജിത്തിന്റെ ഭാര്യയും അഞ്ചിലും ഒന്നിലും പഠിക്കുന്ന കുട്ടികളുമാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഡ്രൈവറുടെ വിശദീകരണം തേടിയെങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനാലാണ് നടപടിയിലേക്ക് നീങ്ങിയത്.