തിരുവനന്തപുരം: നായയുടെ കടിയേറ്റ് പേവിഷ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ചികിത്സാപ്പിഴവില്ലെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ). ഈ ആരോപണം അടിസ്ഥാനരഹിതമെന്ന് സംഘടന പ്രതികരിച്ചു.
കണ്ണിനു സമീപത്തെ മുറിവിലൂടെ വൈറസ് അതിവേഗം തലച്ചോറിനെ ബാധിച്ചു. മരുന്ന് പ്രവര്‍ത്തിച്ചു തുടങ്ങും മുന്‍പ് വൈറസ് ബാധിച്ചിരിക്കാമെന്നും കെജിഎംഒഎ വ്യക്തമാക്കി.
പത്തനംതിട്ട റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാ ഭവനില്‍ അഭിരാമി (12) ആണ് പേവിഷ ബാധയേറ്റ് മരിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥയാണ് അഭിരാമിയുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്നും എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞുവെന്നും ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഗൗരവത്തോടെ സമീപിച്ചില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം.