ഇടുക്കി: മാങ്കുളത്ത് പ്രാണരക്ഷാർത്ഥം പുലിയെ വെട്ടിക്കൊന്ന് താരമായ കർഷകൻ ഗോപാലനെ കാണാൻ ആരാധക പ്രവാഹം. നിലവിൽ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിക്കണാംകുടി സ്വദേശിയായ ഗോപാലനെ കാണാൻ ആരാധക പ്രവാഹമാണ്.
അദ്ദേഹത്തെ കാണാൻ വരുന്നവർ പുലിയെ കീഴ്പ്പെടുത്തിയതിന് സമ്മാനങ്ങളും ചെറിയ ധനസഹായങ്ങളും ഗോപാലന് നൽകുന്നുണ്ട്. വീരപരിവേഷമാണ് ചിക്കണാംകുടിക്കാർ ഗോപാലന് ജനങ്ങൾ നൽകിയിരിക്കുന്നത്.
കൂടാതെ, ഗോപാലന്റെ ആശുപത്രി ചെലവും വാഹനക്കൂലിയും സർക്കാരാണ് വഹിക്കുന്നത്. ചികിത്സയ്ക്കായി ആദ്യഘട്ടത്തിൽ 5000 രൂപ വനംവകുപ്പ് നൽകി. കൂടുതൽ ചികിത്സാചെലവ് വന്നാൽ അതും വനംവകുപ്പ് വഹിക്കുമെന്ന് മാങ്കുളം ഡിഎഫ്ഒ ജയചന്ദ്രൻ ഗോപാലൻ പറഞ്ഞു.
അതേസമയം, ജീവൻ നഷ്ടപ്പെടുമെന്ന സാഹചര്യത്തിലാണ് പുലിയെ വെട്ടിയത്. ചത്തുപോകുമെന്നൊന്നും കരുതിയിരുന്നില്ല. വനം വകുപ്പ് ജീവനക്കാർ വളരെ നല്ല രീതിയിലാണ് പെരുമാറിയതെന്നും ഗോപാലൻ പറഞ്ഞു. ഗോപാലൻ ആത്മരക്ഷാർത്ഥമാണ് പുലിയെ ആക്രമിച്ചതെന്ന് വനം മന്ത്രി എകെ ശശീന്ദ്രനും പ്രതികരിച്ചിരുന്നു. ഗോപാലനെ ബുദ്ധിമുട്ടിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
കർഷക സംഘടനയായ ‘കിഫ’ (കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ) ഗോപാലനെ ആശുപത്രിയിൽ സന്ദർശിച്ച് ജിം കോർബറ്റ് പുരസ്‌കാരത്തിന്റെ ഭാഗമായ കാഷ് അവാർഡ് (10,001 രൂപ) സമ്മാനിച്ചു. പ്രശംസാപത്രവും ഫലകവും മാങ്കുളത്ത് പൊതുയോഗത്തിൽ വെച്ച് സമ്മാനിക്കുമെന്നു നേതാക്കൾ അറിയിച്ചു.
ALSO READ- എന്റെ നാട്ടിൽ നിന്ന് ഒരാൾ മന്ത്രിയായതിൽ സന്തോഷം; എംബി രാജേഷിന് ആശംസകളുമായി വിടി ബൽറാം
രാഷ്ട്രീയ കിസാൻ മഹാ സംഘം ഗോപാലന് കർഷകവീരശ്രീ അവാർഡ് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സൗജന്യ നിയമസഹായവും ‘കിഫ’യുടെ ലീഗൽ സെൽ ഉറപ്പുനൽകിയിട്ടുണ്ട്.
ഗോപാലന്റെ ശരീരത്തിലേറ്റ മുറിവുകൾ കരിഞ്ഞു വരുന്നതായി ചികിത്സിച്ച ഡോക്ടർ ഫിനിക്‌സ് ബേബി പറഞ്ഞു. ഗോപാലന് പേവിഷബാധയ്‌ക്കെതിരെയുള്ള റാബീസ് വാക്‌സീൻ നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ശരീരവേദനയും പനിയും അനുഭവപ്പെട്ടിരുന്നെങ്കിലും ഇന്നലെ ഉച്ചയോടെ ശരീരോഷ്മാവ് സാധാരണ സ്ഥിതിയിലെത്തി. ഗോപാലന്റെ രണ്ട് കൈകൾക്കാണ് പരുക്കേറ്റിട്ടുളളത്. സംഭവത്തിൽ ഗോപാലനെതിരെ കേസെടുക്കില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി.