മന്ത്രിയായി ചുമതലയേറ്റ എംബി രാജേഷിന് ആശംസ അറിയിച്ച് കെപിസിസി ഉപാധ്യക്ഷൻ വി ടി ബൽറാം. നാട്ടിൽ നിന്ന് ഒരാൾ മന്ത്രിയായതിൽ സന്തോഷമെന്നും നാടിന് പ്രയോജനപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും ബൽറാം പ്രതികരിച്ചു.
‘എന്റെ നാട്ടിൽ നിന്ന് ഒരാൾ മന്ത്രിയായതിൽ സന്തോഷം. നാടിന് പ്രയോജനപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. അദ്ദേഹം എംഎൽഎ ആയതിന് ശേഷം മൂന്ന് നാല് തവണ നേരിൽ കണ്ടിരുന്നു. മണ്ഡലത്തിലെ സ്‌കൂളിലെയും കോളജിലെയും കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുന്ന വേളയിൽ ഒരേ വേദിയിൽ എത്തിയിരുന്നു.’- എന്നും ബൽറാം പ്രതികരിച്ചു.
മന്ത്രിസഭ രൂപീകരണ സമയത്ത് തന്നെ അദ്ദേഹം മന്ത്രിയാകേണ്ടതായിരുന്നു. എന്നാൽ അന്ന് സ്പീക്കറായി നിയോഗിച്ചു. ഇപ്പോൾ മന്ത്രിയാക്കി മാറ്റാൻ അവരുടെ പാർട്ടി തീരുമാനിച്ചു. വോട്ടറെന്ന നിലയിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ബൽറാം പറഞ്ഞു.
സ്പീക്കർ പദവി ഒഴിഞ്ഞ എംബി രാജേഷ് പിണറായി മന്ത്രിസഭയിലെ അംഗമായി ഇന്ന് രാവിലെയാണ് സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. നിലവിൽ തദേശം, എക്‌സൈസ് എന്നീ സുപ്രധാന വകുപ്പുകളുടെ ചുമതലയാണ് നൽകിയിട്ടുളളത്.