പാലക്കാട്: കൂറ്റനാട് ചാലിശ്ശേരിയിൽ മരണയോട്ടം നടത്തിയ ബസ് തടഞ്ഞ് നിർത്തിയതിൽ പ്രതികരണവുമായി പെരുമണ്ണൂർ സ്വദേശിനി സാന്ദ്ര. രാജപ്രഭ ബസിൽ നിന്ന് ഇത് ആദ്യമായിട്ടല്ല മോശം അനുഭവം ഉണ്ടാകുന്നതെന്നും സ്ഥിരം സംഭവമായമായത് കൊണ്ടാണ് പ്രതികരിച്ചതെന്നും സാന്ദ്ര പറയുന്നു.
ബസ് തടഞ്ഞ് പ്രതികരിക്കുന്ന സമയത്തും ഡ്രൈവർ ചെവിയിൽ ഇയർഫോൺ വച്ച് നിൽക്കുകയായിരുന്നുവെന്നും സാന്ദ്ര ആരോപിച്ചു. പ്രതികരിച്ചത് മാത്രമല്ല, സംഭവത്തിൽ നിയമപരമായി മുന്നോട്ട് നീങ്ങാനാണ് തന്റെ തീരുമാനമെന്നും സാന്ദ്ര കൂട്ടിച്ചേർത്തു.
സാന്ദ്രയുടെ വാക്കുകൾ;
ഞങ്ങൾ അമ്മയുടെ വീട്ടിൽ നിന്ന് വരുന്ന സമയത്താണ് സംഭവം നടക്കുന്നത്. സംഭവ സമയത്ത് എതിർദിശയിൽ നിന്ന് ലോഡിംഗ് വണ്ടി വരുന്നുണ്ടായിരുന്നു. ഞങ്ങളുടെ പിന്നിലായിരുന്നു രാജപ്രഭ ബസുണ്ടായിരുന്നത്. ആ സമയത്ത് എങ്ങനെ പോയാലും രാജപ്രഭക്ക് ഞങ്ങളെ ഓവർ ടേക്ക് ചെയ്യാൻ പറ്റുന്നൊരു അവസ്ഥയായിരുന്നില്ല. എന്നിട്ടും അവർ ഞങ്ങളെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചു.
ആ സമയത്ത് ഇടത്തു വശത്തെ ചാലിൽ കൂടിയാണ് എനിക്ക് വണ്ടി ഓടിക്കേണ്ടി വന്നത്. ഈയൊരു അനുഭവം രാജപ്രഭയിൽ നിന്ന് ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ചാലിശ്ശേരി വരെ ബസിനെ പിന്തുടരാൻ തീരുമാനിച്ചത്.
ഏകദേശം ഒന്നര മിനിറ്റാണ് ബസ് തടഞ്ഞു നിർത്തിയത്. എന്നിട്ട് ഡ്രൈവറോട് കാര്യം സംസാരിച്ചു. ഞങ്ങൾ സംസാരിക്കുന്ന സമയത്തും ഒന്നും സംഭവിക്കാത്തെ പോലെ അയാൾ ഹെഡ്സെറ്റ് എടുത്ത് ചെവിയിൽ വെച്ചു അതിൽ സംസാരിച്ചു കൊണ്ടിരുന്നു. അതുകൊണ്ടാണ് ഞങ്ങൾക്ക് അവിടെ ബസ് കുറച്ചു നേരം പിടിച്ചിടേണ്ടി വന്നത്.