പൊയിനാച്ചി: ഭർത്താവിന്റെ അവഗണന താങ്ങാനാവാതെ ജീവനൊടുക്കാനെത്തിയ യുവതിയെയും കുഞ്ഞുങ്ങളെയും ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റി കേരളാ പോലീസ്. മേൽപ്പറമ്പ് പോലീസ് ഇൻസ്‌പെക്ടർ ടി.ഉത്തംദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.രാജേന്ദ്രൻ, കെ.രാമചന്ദ്രൻ നായർ, എ.ആർ. ക്യാമ്പിലെ സി.പി.ഒ.മാരായ ജയേഷ് പല്ലത്ത്, ടോണി ജോർജ് എന്നിവരാണ് യുവതിക്ക് രക്ഷകരായത്. ഇവരെ മേലുദ്യോഗസ്ഥർ ആദരിച്ചു.
ഞായറാഴ്ചയാണ് ഉദുമ പഞ്ചായത്തിലെ യുവതി ഭർത്താവിന്റെ അവഗണനയിൽ മനംനൊന്ത് മക്കളെയും കൂട്ടി വീടുവിട്ടിറങ്ങിയത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫായതിനാൽ ബന്ധുക്കൾക്ക് ബന്ധപ്പെടാനായിരുന്നില്ല. സംശയം തോന്നി യുവതിയുടെ സഹോദരി മേൽപ്പറമ്പ് പോലീസിനെ അറിയിക്കുകയായിരുന്നു.
കാണാതായവരുടെ തിരിച്ചറിയൽ വിവരങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനിലേക്കും സന്ദേശം കൈമാറി. മേൽപ്പറമ്പ് ഇൻസ്‌പെക്ടർ ടി ഉത്തംദാസ് ഉടനെ ഡ്യൂട്ടിയിലുണ്ടായിരുന്ന രാജേന്ദ്രനെയും രാമചന്ദ്രനെയും അന്വേഷണത്തിന് വിട്ടു. യുവതിയും മൂന്ന് കുട്ടികളും ഓട്ടോറിക്ഷയിൽ കയറിപ്പോയതായി പരിസരവാദികൾ പോലീസിനെ അറിയിച്ചു.
ഏറെ നേരത്തെ, അന്വേഷണത്തിനൊടുവിൽ ഡ്രൈവറെ പോലീസ് കണ്ടെത്തിയപ്പോൾ കീഴൂർ ചെമ്പരിക്ക കടുക്കക്കല്ലിന് സമീപം ഇറക്കിയതായി വിവരം കിട്ടി. കീഴൂരിലെ പോലീസ് ഔട്ട് പോസ്റ്റിൽ വിവരം അറിയിച്ച് ഫ്‌ളയിങ് സ്‌ക്വാഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജയേഷ്, ടോണി ജോർജ് എന്നിവരോട് പെട്ടെന്നുതന്നെ ചെമ്പരിക്കയിലേക്ക് പോകാൻ ഇൻസ്‌പെക്ടർ നിർദേശിച്ചു.
പാറയിടുക്കിൽ കടലിൽ ചാടാൻ തയ്യാറായിനിൽക്കുന്ന യുവതിയെയും മൂന്നുമക്കളെയും പോലീസ് കണ്ടെത്തി. ക്ഷമാപൂർവം അവരെ സാന്ത്വനിപ്പിച്ച് കല്ലിനുമുകളിൽനിന്ന് താഴെയിറക്കിയ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്ന ചെമ്മനാട് പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങളും ചേർന്ന് കുടുംബത്തെ സമാശ്വസിപ്പിച്ചു.
ഇവരെ പോലീസ് ജീപ്പിൽ കയറ്റി മേൽപ്പറമ്പ് സ്റ്റേഷനിലെത്തിച്ച് കാൺസലിങ് നൽകി ജീവിതത്തിൽ പ്രതീക്ഷ വളർത്തിയശേഷം ബന്ധുക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം തിരികെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. സംഭവമറിഞ്ഞ സുമനസ്സുകൾ പാവപ്പെട്ട കുടുംബത്തിന് സഹായവാഗ്ദാനങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ട്.