വടക്കാഞ്ചേരി: ഊത്രാളിക്കാവിൽ ദർശനം കഴിഞ്ഞശേഷം സമീപത്തെ റെയിൽ പാളത്തിലൂടെ വീട്ടിലേക്കു നടന്നു പോയത് മാത്രമാണ് എങ്കക്കാട് ഏറത്ത് 78കാരിയായ ശാന്തയ്ക്ക് ഓർമ്മയുള്ളത്. കണ്ണ് തുറന്നപ്പോൾ ശാന്ത ട്രെയിനിന്റെ അടിയിൽ ആയിരുന്നു. അത്ഭുതകരമായാണ് ശാന്ത വീണ്ടും ജീവിതത്തിലേക്ക് മടങ്ങിയത്.
മാരാത്തുകുന്ന് എത്തിയപ്പോൾ പാളം മുറിച്ചു കടക്കാൻ കാലെടുത്തു വച്ചതും അതാ വരുന്നു സൈറൺ മുഴക്കി ട്രെയിൻ. പരിഭ്രമിച്ചു തലകറങ്ങിയ ശാന്ത പാളത്തിൽ തന്നെ വീണു. ആളുകളുടെ ബഹളം കേട്ടാണു പിന്നീട് കണ്ണു തുറന്നത്. നോക്കുമ്പോൾ നിർത്തിയിട്ട ട്രെയിനിനടിയിലാണെന്നു താനെന്നു ശാന്തയ്ക്ക് മനസ്സിലായി.
സമീപത്തെ ചുമട്ടു തൊഴിലാളികളും നാട്ടുകാരും ട്രെയിനിനടിയിലേക്കു ശ്രമപ്പെട്ടു നൂഴ്ന്നു വന്ന് ശാന്തയെ പുറത്തെത്തിക്കുകയായിരുന്നു. മനസിനും ശരീരത്തിനും ആകെ മരവിപ്പ്. എന്തെങ്കിലും പറ്റിയോ എന്ന് ആരൊക്കെയോ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു. ചങ്കിടിപ്പ് അപ്പോഴും പേടി മാറാത്തതിനാൽ മറുപടിയൊന്നും ശാന്തയ്ക്ക് കഴിഞ്ഞില്ല. അപ്പോഴേക്കും പൊലീസും സ്ഥലത്തെത്തി. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തലയ്ക്കും മുതുകിലും ചെറിയ പരുക്കുണ്ട്. പരേതനായ മാധവന്റെ ഭാര്യയാണ്.
ന്യൂഡൽഹിയിലേക്കു പോയിരുന്ന മംഗള എക്സ്പ്രസിന്റെ അടിയിലാണു ശാന്ത കുടുങ്ങിയത്. ട്രാക്കിൽ പണി നടക്കുന്നതിനാലും ട്രെയിനുകൾ വേഗം കുറച്ചാണു പോകുന്നത്. ദൂരെനിന്നു തന്നെ ശാന്തയെ കണ്ടതിനാൽ ട്രെയിൻ തക്കസമയത്ത് നിർത്താൻ ലോക്കോ പൈലറ്റിനു കഴിഞ്ഞു.
എൻജിനും 2 കംപാർട്മെന്റു കളും ശാന്തയുടെ മുകളിലൂടെ കടന്നു പോയ ശേഷമാണ് ട്രെയിൻ നിന്നത്. വലിയ ദുരന്തത്തിൽ നിന്ന് കരകയറി വന്നതിന്റെ ആശ്വാസത്തിലാണ് ശാന്ത ഇപ്പോൾ.
Discussion about this post