തിരുവനന്തപുരം: ഓണാഘോഷത്തിന് തയ്യാറാക്കിയ ഭക്ഷണം മാലിന്യത്തില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ ജീവനക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍.
ചാലയില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് തയ്യാറാക്കിയ ഓണസദ്യ ഒരു വിഭാഗം ജീവനക്കാര്‍ സമരം എന്ന പേരില്‍ മാലിന്യത്തിലേക്ക് വലിച്ചെറിയുകയായിരുന്നെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ പറഞ്ഞു. ആഹാരത്തിനോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ പ്രവൃത്തിയെ ശക്തമായി അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്യുകയാണെന്ന് മേയര്‍ പ്രതികരിച്ചു.
സമരങ്ങളും പ്രക്ഷോഭങ്ങളും എല്ലാം ജനാധിപത്യ സംവിധാനത്തില്‍ അനുവദനീയമാണ്, അത് ആവശ്യവുമാണ്. എന്നാല്‍ ഭക്ഷണം മാലിന്യത്തില്‍ വലിച്ചെറിഞ്ഞുകൊണ്ടുള്ള ഏത് സമരവും, പ്രതിഷേധവും പൊതുസമൂഹത്തോടും ഒരു നേരത്തെ ഭക്ഷണമില്ലാതെ, ഒരു തുള്ളി കുടിവെള്ളം പോലും ഇല്ലാതെ കഷ്ടപ്പെടുന്ന ലോകത്താകെയുളള സാധാരണ ജനങ്ങള്‍ക്ക് നേരെ നടത്തുന്ന വെല്ലുവിളിയായി മാത്രമേ കാണാന്‍ സാധിക്കൂ,’ ആര്യാ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘ഓണാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഓണസദ്യ വലിച്ചെറിയുന്ന നിമിഷത്തില്‍ ആ ജീവനക്കാര്‍ ഒരു നേരത്തെ ആഹാരത്തിനും ഒരുതുള്ളി വെള്ളത്തിനും വേണ്ടി കേഴുന്ന പാവപ്പെട്ട സാധാരണക്കാരായ മനുഷ്യരുടെയും നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെയും മുഖം ഒന്ന് ഓര്‍ത്തിരുന്നുവെങ്കില്‍ ക്രൂരവും നിന്ദ്യവുമായ ഈ പ്രവര്‍ത്തി ചെയ്യാന്‍ നിശ്ചയമായും അറയ്ക്കുമായിരുന്നു.
Read Also: തെരുവുനായയുടെ കടിയേറ്റ 12കാരി മരിച്ചു: മരണം മൂന്ന് ഡോസ് വാക്സിനും എടുത്ത ശേഷം
യാതൊരുവിധ മനുഷ്യത്വവും ഇല്ലാതെ പെരുമാറിയ ജീവനക്കാരെ ഒരു കാരണവശാലും നഗരസഭയുടെ ഭാഗമായി തുടരാന്‍ അനുവദിക്കാന്‍ സാധിക്കില്ല എന്ന് തന്നെയാണ് കണ്ടത്. 11 പേരാണ് ഈ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടത്. അവരില്‍ ഏഴ് പേര്‍ സ്ഥിരം ജീവനക്കാരാണ്. അവരെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി.
ബാക്കി നാലുപേര്‍ താല്‍ക്കാലിക ജീവനക്കാരാണ്, അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ തന്നെ തീരുമാനിക്കുകയും ചെയ്തു. ഓരോ അരിയിലും വിശക്കുന്ന മനുഷ്യന്റെ പ്രതീക്ഷ മാത്രമല്ല, അത് ഉണ്ടാക്കിയെടുത്ത മനുഷ്യരുടെ അധ്വാനവുമുണ്ട്. അത് മറന്ന് പോകരുത് ഇനി ആരും,’ തിരുവനന്തപുരം മേയര്‍ കൂട്ടിച്ചേര്‍ത്തു.