കോട്ടയം: ”കുത്തിവയ്പ് എടുത്തതുകൊണ്ടാണ് കുട്ടി മയങ്ങി കിടക്കുന്നതെന്നാണ് ആശുപത്രിയിൽനിന്ന് പറഞ്ഞത്. ഇതിനു വേണ്ടി പ്രത്യേക മരുന്നില്ലെന്നും പറഞ്ഞു. ഞങ്ങളുടെ കുഞ്ഞിന്റെ പാർട്‌സുകൾ മൊത്തം വാക്‌സീൻ കമ്പനിക്കാർ കൊണ്ടുപോയെന്നാണ് എന്റെ വിശ്വാസം.
ഇങ്ങനെ കളഞ്ഞല്ലോ എന്റെ കുഞ്ഞിനെ..എന്നാലും അവിടെനിന്ന് ഇവിടെവരെ വന്നതാണല്ലോ.. 12 വയസ്സു വരെ പൊന്നുപോലെ കൊണ്ടുനടന്നതാ..” മകളുടെ വിയോഗത്തിന് പിന്നാലെ നെഞ്ചുനീറി മാതാപിതാക്കൾ പറഞ്ഞതാണ് ഇത്. തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പത്തനംതിട്ട റാന്നി പെരുനാട് ചേർത്തലപ്പടി ഷീനാ ഭവനിൽ അഭിരാമിയാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്.
പേവിഷബാധയ്ക്ക് മൂന്നു വാക്‌സീനും എടുത്തിരുന്നു. എന്നാൽ അഭിരാമി ലോകത്തോട് വിടപറഞ്ഞു. ഇത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഓഗസ്റ്റ് 13നാണ് അഭിരാമിയെ തെരുവുനായ കടിച്ചത്. കൈയിലും കാലിനും കണ്ണിനടത്തുമായി മൂന്നിടത്താണ് ആക്രമണമേറ്റത്.
ഇതിൽ കണ്ണിന് സമീപത്തുള്ള മുറിവ് ആഴത്തിലുള്ളതായിരുന്നു. തെരുവുനായ അരമണിക്കൂറോളം കുട്ടിയെ ആക്രമിച്ചു എന്നാണ് വിവരം. പല്ലിനു പുറമേ നഖം കൊണ്ടുള്ള മുറിവുകളും ഉണ്ടായിട്ടുണ്ട്. ആരോഗ്യനില വഷളായതോടെ വെള്ളിയാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചത്. രാവിലെ പാലു വാങ്ങാൻ പോകുമ്പോഴാണ് അഭിരാമി തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്.
Discussion about this post