കൊട്ടാരക്കര: കൊട്ടാരക്കര ഇലക്ഷൻ ഡപ്യൂട്ടി തഹസിൽദാർ മാവേലിയായി. വോട്ടർമാർക്ക് ഓണാശംസകൾ. ഒപ്പം അഭ്യർഥനയും- എല്ലാവരും വോട്ടർ ഐഡി കാർഡ് ആധാറുമായി ലിങ്ക് ചെയ്യണം. കൊട്ടാരക്കര നഗരം ചുറ്റിയായിരുന്നു കൊട്ടാരക്കര ഡപ്യൂട്ടി തഹസിൽദാർ സതീഷ്.കെ.ഡാനിയേലിന്റെ പര്യടനം.
സതീഷ്.കെ.ഡാനിയേൽ തുടർച്ചയായി 20 വർഷമായി ഓണത്തിനു മാവേലിയുടെ വേഷമിടുന്നു. ഓണാശംസകൾ മാത്രമല്ല എല്ലാ വർഷവും എന്തെങ്കിലും സന്ദേശവും ജനങ്ങളിലെത്തിക്കും. കോവിഡ് കാലത്ത് സാനിറ്റൈസറും മാസ്‌ക്കുമായി മാവേലി പര്യടനം നടത്തി. വോട്ടർ ഐഡി കാർഡും ആധാറും ലിങ്ക് ചെയ്യുന്നതിന്റെ ചുമതല സതീഷിനാണ്.
ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗമാണ് സതീഷ്.കെ.ഡാനിയേൽ. കൊട്ടാരക്കര താലൂക്കിലെ കൊട്ടാരക്കര, ചടയമംഗലം നിയോജകമണ്ഡലത്തിൽ നാലു ലക്ഷത്തോളം വോട്ടർമാരാണ് ഉള്ളത്. 27000 വോട്ടർമാരുടെ ലിങ്കിങ് പൂർത്തിയായി. കൂടുതൽ ബോധവൽക്കരണവുമായി ഇനിയും രംഗത്തിറങ്ങാനാണ് തീരുമാനം. തഹസിൽദാർ പി.ശുഭൻ, ഹെഡ്ക്വാർട്ടേഴ്‌സ് ഡപ്യൂട്ടി തഹസിൽദാർ കെ.ജി.സുരേഷ്‌കുമാർ, ചീഫ് നോഡൽ ഓഫിസർമാരായ ജി.അജേഷ്, ആർ.ഷിജു എന്നിവരും ഇന്നലെ ഒപ്പമുണ്ടായിരുന്നു.
Discussion about this post