പുന്നമടകായലിൽ ആവേശത്തുഴ; നെഹ്റു ട്രോഫി വള്ളം കളി ഇന്ന്

68ാമത് നെഹ്‌റു ട്രോഫി വള്ളംകളി പുന്നമടകായലിൽ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് വള്ളം കളിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വള്ളംകളി ഉദ്ഘാടനം ചെയ്യും.

വള്ളംകളി രണ്ട് വർഷത്തിന് ശേഷം നടക്കുന്നതുകൊണ്ട് തന്നെ ഇക്കുറി ആവേശം ഇരട്ടിയാണ്. ഇതിനോടകം 40 ലക്ഷം രൂപയുടെ ടിക്കറ്റുകളാണ് വിറ്റുപോയത്. ചെറുതും വലുതുമായ 79 വള്ളങ്ങൾ മത്സരത്തിന് ഉണ്ട്. ഇതിൽ 20 എണ്ണം ചുണ്ടൻവള്ളങ്ങളാണ്.രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിക്കും.

ഉച്ചയ്ക്ക് ശേഷമാണ് ചുണ്ടൻ വള്ളങ്ങളുടെ മത്സരം. രണ്ടാം തവണയാണ് നെഹ്‌റു ട്രോഫി ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമാകുന്നത്. 9 വള്ളങ്ങൾക്ക് ചാമ്പ്യൻസ് ബോട്ട് ലീഗ് യോഗ്യതയുണ്ട്.

വള്ളംകളിയുടെ ഉദ്ഘാടന സമ്മേളനത്തിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്, ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ, റവന്യൂ മന്ത്രി കെ രാജൻ, കൃഷിമന്ത്രി പി പ്രസാദ്, ജലവിഭവ വകുപ്പ് മന്ത്രി അഗസ്റ്റിൻ എന്നിവരും ജില്ലയിലെ എംപിമാർ എംഎൽഎമാർ തുടങ്ങിയവരും പങ്കെടുക്കും.

വള്ളംകളിയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. ഇതിനായി 2000 ത്തോളം പൊലീസുകാരെ സുരക്ഷയ്ക്കായി വ്യന്യസിച്ചിട്ടുണ്ട്.

Exit mobile version