ഇടുക്കി: മാങ്കുളത്ത് ജനവാസകേന്ദ്രത്തിലിറങ്ങി ആക്രമണം നടത്തിയ പുലിയെ വെട്ടിക്കൊന്ന സംഭവത്തില്‍ കേസെടുക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന് സ്വയ രക്ഷയ്ക്കായി പുലിയെ കൊന്നതിനാല്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.
‘അദ്ദേഹം രക്ഷപ്പെട്ടതും അത്ഭുതകരമായാണ്. ആത്മരക്ഷാര്‍ത്ഥം എന്ന നിലയില്‍ ഈ വിഷയത്തില്‍ കേസെടുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതിനായി വനംവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുവെച്ചെങ്കിലും പുലി അതില്‍പ്പെട്ടിരുന്നില്ല. ജീവന് രക്ഷിക്കാന്‍ വേണ്ടിയുള്ള നടപടിയല്ലേ’. മന്ത്രി വ്യക്തമാക്കി.
ചിക്കണം കുടി ആദിവാസി കോളനിയിലെ ഗോപാലന് നേരെ ഇന്ന് രാവിലെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പുലി അക്രമിച്ചതോടെ പ്രതിരോധിക്കാനായി പുലിയെ വെട്ടിക്കൊല്ലുകയായിരുന്നു. പരിക്കേറ്റ ഗോപാലനെ അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, കൈയ്ക്കും കാലിലും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ഒരുമാസമായി മാങ്കുളം മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ട്. 20ല്‍ അധികം വളര്‍ത്ത് മൃഗങ്ങളെ അക്രമിച്ചുകൊന്നതോടെ പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂടുവെച്ചു. പക്ഷെ പുലി കുടുങ്ങിയില്ല. ഇതിനിടയില്‍ ഇന്നലെ രാത്രിയും രണ്ട് ആടുകളെ പുലി ആക്രമിച്ചു കൊന്നിരുന്നു.
Discussion about this post