നേമം: വിറ്റ ലോട്ടറി ടിക്കറ്റുകളുടെ പണം ചോദിച്ചതിന്റെ പേരിൽ ആക്രമിക്കപ്പെട്ട ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. വിളപ്പിൽശാല പൊറ്റയിൽ കൊമ്പേറ്റി അമ്പാടി ഭവനിൽ അമ്പാടി(49)യാണ് കുത്തേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. അമ്പാടിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി തമ്പാനൂർ രാജാജി നഗറിൽ രഞ്ജു(35)വിനെ നരുവാമൂട് പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിന് പിന്നാലെ പ്രതി സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ലോട്ടറി ടിക്കറ്റ് എടുത്ത പണം ചോദിച്ചതിന് അമ്പാടിയെ വീട്ടിൽ വിളിച്ചുകൊണ്ടുപോയി മാരകമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ 10 മണിയോടെ രഞ്ജു വാടകയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. കുത്തേറ്റ അമ്പാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു.
ഇയാൾക്ക് നെഞ്ചിലും വയറ്റിലുമാണ് കുത്തേറ്റത്.അമ്പാടിയുടെ ലോട്ടറി കടയിൽനിന്ന് രഞ്ജു പലപ്പോഴായി ലോട്ടറിയെടുത്ത വകയിൽ ലഭിക്കാനുള്ള 15,000 രൂപ ചോദിച്ചതിന് പണം തരാമെന്നു പറഞ്ഞ് വീട്ടിൽ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു.അമ്പാടിയെ ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടിലെത്തിച്ചശേഷം കൈയില്‍ കരുതിയ ബാഗില്‍നിന്നു കത്തിയെടുത്ത് കുത്തുകയായിരുന്നു.
ഇന്ത്യ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍നിന്ന് മൂന്നു വര്‍ഷം മുന്‍പ് സ്വയം വിരമിച്ച അമ്പാടി, ലോട്ടറി ടിക്കറ്റ് കച്ചവടം നടത്തിവരികയായിരുന്നു. ആറു മാസം മുന്‍പാണ് നരുവാമൂട്ടില്‍ ലോട്ടറി കട ആരംഭിച്ചത്. ഭാര്യ: രാജി. മക്കള്‍: അംബാലിക, ആദിത്യന്.
Discussion about this post