കാഞ്ഞാണി: ഈ മാസം ഒന്നാം തീയതി നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഓട്ടോ ഡ്രൈവർക്ക്. കാഞ്ഞാണി പാന്തോട് സ്വദേശി ചുങ്കത്ത് വീട്ടിൽ ബെന്നി (58)യാണ് ലോട്ടറി വിജയിയാത്.
കാഞ്ഞാണിയിലെ ഓട്ടോഡ്രൈവറായ ബെന്നി എടുത്ത കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ പിജി 455383 എന്ന ടിക്കറ്റിനാണ് സമ്മാനമടിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കണ്ടശ്ശാംകടവ് ശാഖയിൽ ഏൽപ്പിച്ചിരിക്കുകയാണ്.
സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടം പോയി വരുന്നതിനിടയിൽ ഒളരിയിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന ആളിൽ നിന്നും എടുത്ത ടിക്കറ്റിനാണ് ബെന്നിക്ക് സമ്മാനം ലഭിച്ചത്. ലോട്ടറി ഏജന്റിന്റെ കയ്യിലുണ്ടായിരുന്ന മൂന്ന് ടിക്കറ്റടക്കം അന്നേ ദിവസം 20 ടിക്കറ്റ് ബെന്നി വാങ്ങിയിരുന്നു.
വർഷങ്ങളായി ലോട്ടറി എടുക്കുന്ന ബെന്നിക്ക് ആദ്യമായാണ് ഇത്രവലിയൊരു തുക സമ്മാനമായി ലഭിക്കുന്നത്. ഇതോടൊപ്പം എടുത്ത മറ്റു രണ്ടു ടിക്കറ്റിന് ഒരേ നമ്പർ വന്നതിനാൽ 8000 രൂപ വീതം സമ്മാനവുമുണ്ട്.
പഞ്ചായത്ത് പദ്ധതിയിൽ 8 വർഷം മുൻപ് പണിത 4 സെന്റിലുള്ള വീട്ടിലാണ് ബെന്നിയും കുടുംബവും താമസിക്കുന്നത്. ഭാര്യ: അന്നാസ്. വിദ്യാർത്ഥികളായ ഷാരോൺ ദീപ്തി, ട്വിങ്കിൾ റോസ്, അമൽ ജ്യോതി എന്നിവരാണ് മക്കൾ. സമ്മാന തുക മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും വേണ്ടി ഉപയോഗിക്കുമെന്നാണ് ബെന്നി പറയുന്നത്.