തിരുവനന്തപുരം: രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്റെ നിയമനം വിവാദത്തില്‍. കെ സുരേന്ദ്രന്റെ മകന്‍ കെഎസ് ഹരികൃഷ്ണന്റെ നിയമനമാണ് വിവാദമായിരിക്കുന്നത്.
ബിടെക് അടിസ്ഥാന യോഗ്യതയില്‍ പ്രത്യേകം സൃഷ്ടിച്ച ഒഴിവിലേക്കായിരുന്നു നിയമനമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥാപനത്തിലെ ഒരു ഒഴിവിലേക്കാണ് നിയമനം നടന്നത്. പരീക്ഷ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും റാങ്ക് പട്ടിക സംബന്ധിച്ചോ നിയമനം സംബന്ധിച്ചോ വിവരങ്ങള്‍ തേടുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ ആര്‍ജിസിബി നല്‍കുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. അതേസമയം ചട്ടങ്ങള്‍ പാലിച്ചാണ് നിയമനമെന്ന് രാജീവ് ഗാന്ധി ബയോടെക്നോളജി സെന്റര്‍ പ്രതികരിച്ചു.
ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിടെക് മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദത്തില്‍ 60 ശതമാനം മാര്‍ക്ക് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചുവെന്നാണ് ആരോപണം. മുന്‍കാലങ്ങളില്‍ ഈ തസ്തികയില്‍ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിദുരമുള്ളവരെയായിരുന്നു നിയമിച്ചിരുന്നത്.
ജൂണിലാണ് കെഎസ് ഹരികൃഷ്ണന് നിയമനം നല്‍കിയത്. അടിസ്ഥാന ശമ്പളം ഉള്‍പ്പടെ എഴുപതിനായിരം രൂപ വരെയാണ് പരിശീലന കാലയളവില്‍ ലഭിക്കും. അതേസമയം മെറിറ്റ് അടിസ്ഥാനത്തില്‍ എല്ലാ ചട്ടങ്ങളും പാലിച്ചായിരുന്നു നിയമനമെന്ന് ആര്‍ജിസിബി പ്രതികരിച്ചു.
അതേസമയം, മകന്റെ നിയമനം പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലായിരുന്നുവെന്ന് കെ സുരേന്ദ്രന്‍. ആരോപണം വസ്തുതാ വിരുദ്ധമാണ്. മകന്റെ നിയമനവുമായി ബന്ധപ്പെട്ട് അസ്വാഭാവികത ഒന്നും ഉണ്ടായിട്ടില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.
‘ഒരു വര്‍ഷം മുമ്പ് തന്റെ മകന്‍ കുഴല്‍പ്പണം കടത്തിയെന്ന് വാര്‍ത്ത കൊടുത്തതാണ് മാധ്യമങ്ങള്‍. മൂന്ന് മാസം മുമ്പ് നടന്ന നിയമനത്തെ കുറിച്ച് ഇപ്പോള്‍ വാര്‍ത്ത കൊടുക്കുന്നത് എന്തിനാണെന്ന് അരി ആഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകും. എന്റെ മകനായത് കൊണ്ട് എവിടെയും ജോലിക്ക് അപേക്ഷിക്കാന്‍ പാടില്ലേ? പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനം. മകന് വേണ്ടി ആരും ഇടപെട്ടിട്ടില്ല. ആര്‍ക്ക് വേണമെങ്കിലും അന്വേഷിക്കാം’, സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.