പത്തനംതിട്ട: ആദ്യമായി വനം വകുപ്പ് നിയമങ്ങൾ പാലിച്ച് വാവ സുരേഷിന്റെ പാമ്പുപിടുത്തം. കോന്നി മണ്ണീറയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ രാജവെമ്പാലയെ ആണ് വാവ സുരേഷ് പിടികൂടിയത്. വനംവകുപ്പ് നിർദേശിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു ഇത്തവണ വാവ സുരേഷ് പാമ്പിനെ പിടിച്ചത്. സേഫ്റ്റി ബാഗും, ഹുക്കും ഉപയോഗിച്ചാണ് രാജവെമ്പാലയെ പിടിച്ചത്.
നേരത്തെ മുതൽ വനംവകുപ്പ് നിയമങ്ങൾ ഉപയോഗിച്ചല്ല വാവ സുരേഷ് പാമ്പിനെ പിടിക്കുന്നതെന്ന വിമർശനം ഉയർന്നിരുന്നു. അടുത്തിടെ പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവ സുരേഷ് പിന്നീട് ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഈ സംഭവത്തോടെ ഏറെ വിമർശനങ്ങൾ വാവ സുരേഷിന് നേരിടേണ്ടി വന്നിരുന്നു.
ഇതിന് പിന്നാലെയാണ് നിയമങ്ങൾ പാലിച്ച് പാമ്പിനെ പിടിക്കാൻ വാവ സുരേഷ് തയ്യാറായിരിക്കുന്നത്. കഴിഞ്ഞ ദിവസം ജനവാസമേഖലയിൽ പാമ്പിനെ കണ്ട വിവരം വാവ സുരേഷിനെയും കോന്നിയിലെ വനംവകുപ്പ് സ്ട്രൈക്കിങ് ഫോഴ്സിനെയും നാട്ടുകാർ അറിയിച്ചിരുന്നു,
ഈ സമയത്ത് ചിറ്റാറിലുണ്ടായിരുന്ന വാവ സുരേഷ് ആദ്യം സ്ഥലത്തെത്തി. എന്നാൽ വനംവകുപ്പിന്റെ അനുമതിയില്ലാത്തതിനാൽ വനപാലകർക്കായി സുരേഷ് കാത്തുനിന്നാണ് പാമ്പിനെ പിടികൂടിയത്. തൊട്ടുപുറകെ വനപാലകരും വന്നതോടെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബിനീഷിനൊപ്പം ചേർന്നാണ് ഉപകരണങ്ങൾ ഉപയോഗിച്ച് പാമ്പിനെ പിടിച്ചത്.
ബിറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ദിലീപ്, ജയൻ, രഞ്ജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിടികൂടിയ പാമ്പിനെ മണ്ണാറപ്പാറ വനത്തിൽ തുറന്നുവിട്ടു.