തിരുവനന്തപുരം: പോലീസിൽ അല്ലെങ്കിലും സെക്രട്ടേറിയേറ്റ് കൺടോൺമെന്റ് ഗേറ്റിൽ ട്രാഫിക് നിയന്ത്രിക്കാനും മന്ത്രിമാർക്ക് സല്യൂട്ട് അടിച്ച് കാവൽക്കാരനായും നിൽക്കുന്ന വ്യക്തിയാണ് കരീം. ആരും നൽകിയ ചുമതലയല്ല, അതിനായൊരു ശമ്പളവും കരീമിനില്ല.
പക്ഷേ കരീമിന് ഇത് നിയോഗമാണ്. നിമിഷ നേരംകൊണ്ടാണ് കരീം എല്ലാവരുടെയും പ്രിയപ്പെട്ട കരീമിക്കയായി മാറിയത്. മന്ത്രിമാരേയും സെക്രട്ടറിമാരേയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയുമെല്ലാം ചിട്ടയാർന്ന കാവലാൾ പോലെ കരീം തടസമില്ലാതെ കടത്തിവിടാൻ ഓടി നടക്കും. അഭിവാദ്യം ചെയ്യും.
ഇതിനെല്ലാം പുറമെ, എൻട്രി പാസ് എടുക്കുന്ന മനുഷ്യർക്കും കരീം കരുതലായി ഉണ്ട്. ഔദ്യോഗിക സെക്യൂരിറ്റി ഉദ്യോഗസ്ഥരും പോലീസുമൊക്കെ കൺടോൺമെന്റ് ഗേറ്റിൽ കരീമിന് ‘ കീഴിലാണ് ‘ പ്രവർത്തിക്കുന്നത് എന്നു പോലും തോന്നും. കരീമിക്കായുടെ സ്‌നേഹവും അടുപ്പവും അനുഭവിച്ചിട്ടുണ്ട്.
എല്ലാ ദിവസവും പലവട്ടം കിട്ടുന്ന അഭിവാദ്യത്തിന് ഇപ്പോൾ തിരിച്ചൊരു അഭിവാദ്യം നൽകിയിരിക്കുകയാണ് സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയനും. കരീമിന് സല്യൂട്ട് അടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഇതിനോടകം സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. നിരവധി പേരാണ് ആശംസകൾ നേർന്ന് രംഗത്ത് വന്നത്.