കോഴിക്കോട്: വാണിമേലുള്ള വിവാഹവീട്ടിൽ നിന്നും നഷ്ടപ്പെട്ട സ്വർണം ഒരു തരിപോലും നഷ്ടമാകാതെ അതേ വീട്ടിൽ തന്നെയുള്ള ഫ്‌ളഷ് ടാങ്കിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ പോലാസ് അന്വേഷണം. വെള്ളിയോട്ട് മീത്തലെ നടുവിലക്കണ്ടി ഹാഷിം കോയ തങ്ങളുടെ വീട്ടിൽ നിന്നാണ് മകളുടെ വിവാഹത്തിനായി വാങ്ങിയ 28 പവനോളം വരുന്ന സ്വർണാഭരണം നഷ്ടമായിരുന്നത്. നിക്കാഹ് ദിനത്തിൽ അണിയാനുള്ള സ്വർണം അന്നേദിനം കാണാതാവുകയായിരുന്നു.
തങ്ങളുടെ മകളുടെ വിവാഹം നടക്കുന്നതിന്റെ തലേന്നു രാത്രിയാണ് ജ്വല്ലറിയിൽ നിന്നും സ്വർണം എത്തിച്ചത്. ഇത് വീട്ടിൽ വന്ന അതിഥികൾക്ക് കാണി്ചു കൊടുത്തിരുന്നു. ശേഷം അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. നിക്കാഹ് ദിനത്തിൽ പെൺകുട്ടി അണിയാനായി തെരഞ്ഞപ്പോഴാണ് വിവാഹ സമ്മാനമായി ലഭിച്ചതുമായ 222 ഗ്രാം സ്വർണം മോഷണം പോയതായി കണ്ടെത്തിയത്.
ഈ സ്വർണം കൈക്കലാക്കിയവർ ആരെന്നു കണ്ടെത്താനുള്ള കടമ്പയാണ് ഇനി പോലീസിനു മുന്നിൽ ഉള്ളത്. ഇതിൽ ഒരു പവൻ പോലും നഷ്ടമാകാതെ മുഴുവൻ ലഭിച്ചത് വീട്ടുകാർക്ക് ആശ്വാസമാകുമ്പോഴും വീട്ടിൽ തന്നെ ഏറ്റവും അടുപ്പമുള്ള ആരോ ആണ് കള്ളനെന്ന ആശങ്ക ഇവർക്കുണ്ട്. സ്വർണം നഷ്ടപ്പെട്ടതോടെ പോലീസിന്റെ സാന്നിധ്യത്തിലും അല്ലാതെയും വീടിനകത്തും പുറത്തും വീട്ടുകാരും നാട്ടുകാരുമെല്ലാം തിരച്ചിൽ നടത്തിയിരുന്നു.
എന്നാൽ, ഒന്നും കണ്ടെത്താനായിരുന്നില്ല. പോലീസ് നായയും വിരലടയാള വിദഗ്ധരും എത്തിയെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല. അതിനിടെയാണ് ഇന്നലെ രാവിലെ ഫ്‌ലഷ് ടാങ്കിൽ ഇവ പ്രത്യക്ഷപ്പെട്ടത്. വെള്ളം ലീക്കായപ്പോൾ ശരിയാക്കാനായി ആളെത്തിയപ്പോഴാണ് ഫ്‌ളഷ് ടാങ്കിൽ പിടിക്കപ്പെടും എന്നായപ്പോൾ മോഷ്ടാവ് ഉപേക്ഷിച്ചതാകുമെന്നാണ് പോലീസ് കരുതുന്നത്. അത് ആരെന്ന ചോദ്യത്തിനാണ് ഇനി ഉത്തരം കണ്ടെത്താനുള്ളത്.
Discussion about this post