മലപ്പുറം: ദേശീയ പാത വികസനത്തിനായി മലപ്പുറത്ത് മരം മുറിച്ചപ്പോൾ നിരവധി പക്ഷികളും പക്ഷിക്കുഞ്ഞുങ്ങളും ചത്ത സംഭവത്തിൽ കരാറുകാർക്കെതിരെ കേസ്. വനം വകുപ്പാണ് കരാറുകാരുടെ പ്രവർത്തിക്ക് എതിരെ കേസെടുക്കാൻ തീരുമാനിച്ചത്. വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുക.
ഷെഡ്യൂൾ നാലിൽപ്പെട്ട അമ്പതിലേറെ നീർക്കാക്ക കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാനായ ശേഷമേ മരം മുറിക്കാവൂ എന്ന കർശന നിർദേശം പാലിക്കപ്പെട്ടില്ലെന്ന് വനം വകുപ്പ് കണ്ടെത്തി.
നൂറിലേറെ ജീവികള്‍ വീണു ചാകുന്ന ഈ കാഴ്ച മലപ്പുറം തിരൂരങ്ങാടിക്കടുത്ത വി.കെ. പടിയില്‍നിന്നാണ്. ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി ഇവിടത്തെ പുളിമരം മണ്ണുമാന്തിയന്ത്രമുപയോഗിച്ച് വ്യാഴാഴ്ച പിഴുതുമാറ്റി.
കരാറുകാരന്റെ നിയമലംഘനത്തെ കുറിച്ച് വനം വകുപ്പ് പറയുന്നുണ്ട്. വെള്ളിയാഴ്ച പ്രദേശവാസികളിൽനിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ മൊഴിയെടുക്കും. രണ്ട് ചാക്കോളം പക്ഷി കുഞ്ഞുങ്ങളെയാണ് ഇവിടെ നിന്നും വാരി ഒഴിവാക്കിയതെന്ന് നാട്ടുകാർ പറയുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു.
Discussion about this post