ഓണം ആഘോഷിച്ചോളൂ, രൂപമാറ്റം വരുത്തി ഫ്രീക്കൻ വണ്ടിയെടുത്ത് അഭ്യാസം വേണ്ട; മുന്നറിയിപ്പുമായി എംവിഡി

MVD Kerala | Bignewslive

രൂപമാറ്റം വരുത്തിയ വാഹനങ്ങളുപയോഗിച്ചുള്ള അഭ്യാസവുമായി കോളേജുകളിലേക്കും സ്‌കൂളുകളിലേക്കും എത്തേണ്ടെന്ന മുന്നറിയിപ്പുമായി എംവിഡി. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എംവിഡി അറിയിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിവിധ ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾ വാഹനങ്ങളുമായി അഭ്യാസം നടത്തുന്നത് തടയാൻ മോട്ടോർവാഹനവകുപ്പ് പരിശോധന നടത്തും.

ദിലീപിന്റെ 147-ാം ചിത്രം: നായികയായി തമന്ന മലയാളത്തിലേക്ക്

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പരിശോധന കർശനമാക്കും. വാഹനങ്ങളുപയോഗിച്ച് റാലി, റേസ് എന്നിവ സംഘടിപ്പിച്ചാണ് കൂടുതലായും അപകടങ്ങൾ സംഭവിച്ചിട്ടുള്ളത്. രൂപമാറ്റം വരുത്തിയ ബൈക്കുകൾ, കാറുകൾ, ജീപ്പുകൾ എന്നിവയാണ് റാലികളുടെ ‘ട്രെൻഡ്’. വരുംദിവസങ്ങളിൽ ഓണാഘോഷങ്ങൾ നടക്കുന്നതിനാൽ ഇത്തരം നിയമലംഘനങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് എംവിഡി അറിയിച്ചു.

ഇത്തരത്തിൽ പിടികൂടുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ ഒരു വർഷം റദ്ദ് ചെയ്ത് പിടിച്ചെടുക്കും, വാഹനമോടിച്ച വിദ്യാർഥികളുടെ ലൈസൻസ് ആറ് മാസത്തേക്ക് റദ്ദ്ചെയ്യുമെന്നും എംവിഡി മുന്നറിയിപ്പ് നൽകി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

അതിരുവിടരുത് ആഘോഷങ്ങൾ..!
സമീപകാലത്തായി കലാലയങ്ങളിൽ പ്രധാനപ്പെട്ട ആഘോഷ ദിവസങ്ങളിലും ഇലക്ഷൻ ആർട്‌സ്‌ഡേ തുടങ്ങി മറ്റ് പ്രധാനപ്പെട്ട ദിവസങ്ങളിലും വാഹനങ്ങളുമായി ക്യാമ്പസിൽ വരുന്നതും ക്യാമ്പസിനകത്തും , പുറത്തും അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നതും അഭ്യാസ പ്രകടനങ്ങൾ കാണിച്ച് മറ്റുള്ളവരുടെമുന്നിൽ ഹീറോയാകാൻ ശ്രമിക്കുന്നതും കൂടിവരുന്ന സാഹചര്യമാണ് ഉള്ളത്, ചിലപ്പോൾ ലഹരിയുടെ അകമ്പടി കൂടി ആകുമ്പോൾ ഇത് അത്യന്തം അപകടകരമായ സാഹചര്യമാണ് വിളിച്ചുവരുത്തുന്നത്. പലപ്പോഴും ഓടിച്ച് പരിചിതമല്ലാത്ത വാഹനങ്ങൾ കടമെടുത്ത് ആയിരിക്കും ഇത്തരം ആഘോഷങ്ങൾക്ക് എത്തുക, പവർ സെഗ്മെന്റ് വാഹനങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കുന്നത് വളരെയധികം അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്ന ഒന്നാണ്.
ക്യാമ്പസ് മാനേജ്‌മെന്റും, അദ്ധ്യാപകരും , രക്ഷിതാക്കളും ഇക്കാര്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കഴിയുന്നതും വാഹനങ്ങൾ ഇത്തരം ആഘോഷങ്ങൾക്കായി നൽകാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്.
പൊതുസമൂഹത്തിന് അപകട ഭീഷണിയാകുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അത്തരം പ്രകടനങ്ങളുടെ വീഡിയോ സഹിതം അതാത് ജില്ലയിലെ എൻഫോഴ്സ്മെന്റ് ആർ ടി ഓ മാരെ വിവരം അറിയിക്കാവുന്നതാണ്.

Exit mobile version