കണ്ണൂർ: വഴിയാത്രക്കാരനായ യുവാവിനെ ഇടിച്ചുവീഴ്ത്ത് മരണത്തിനിടയാക്കി നിർത്താതെ പോയ ബൈക്ക് യാത്രികൻ പിടിയിൽ. മൂന്ന് മാസത്തിന് ശേഷമാണ് ഇയാൾ പിടിയിലായത്. കണ്ണൂർ ടൗൺ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. അപകടം വരുത്തിയ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെയിന്റിങ് തൊഴിലാളി വലിയന്നൂരിലെ ആയിഷ മൻസിലിൽ മുഹമ്മദ് റഫീഖ് ആണ് മരിച്ചത്.
42 കാരനായ റഫീഖ് ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. കുറ്റിയാട്ടൂർ ചെക്കിക്കുളത്തിനുസമീപം കുണ്ടിലാക്കണ്ടി കെ.പി.ഹൗസിലെ 22കാരനായ മുഹമ്മദ് മുനിവർ ആണ് അറസ്റ്റിലായത്. മേയ് 25-ന് രാത്രി പതിനൊന്നരയോടെ മുണ്ടയാട് വൈദ്യർപീടികയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. പ്രതി ഉപയോഗിച്ച ബൈക്ക് പ്രതിയുടെ ബന്ധുവിന്റെതാണ്. ബോധപൂർവല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
സ്കൂൾ ബസ് ഡ്രൈവറാകാൻ മോഹം; ഇന്ന് യുഎഇയിൽ ഹെവി ലൈസൻസ് സ്വന്തമാക്കി ജിൻഷി
വഴിയിൽ വീണുകിടക്കുകയായിരുന്ന മുഹമ്മദ് റഫീഖിനെ പട്രോളിങ് നടത്തുന്ന പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം രക്തം വാർന്നാണ് മരണത്തിന് കീഴടങ്ങിയത്. പാവപ്പെട്ട കുടുംബത്തിലെ അംഗമായ മുഹമ്മദ് റഫീഖിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
കണ്ണൂരിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായ മുഹമ്മദ് മുനിവർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടം നടന്നത്. തന്റെ ബൈക്കിടിച്ച് വീണയാളെ രക്ഷിക്കാൻ ശ്രമിക്കാതെ ഇയാൾ സ്ഥലംവിടുകയും ചെയ്തു. അപകടം നടന്ന വിവരം ആരെയും അറിയിച്ചതുമില്ല. ഒന്നും സംഭവിക്കാത്തതുപോലെ എല്ലാ ദിവസവും ആ വഴി അതേ ബൈക്കിൽ ജോലിക്ക് പോവുകയും ചെയ്തു.
സംഭവസ്ഥലത്തിനടുത്തുണ്ടായിരുന്ന ഒരാൾ നൽകിയ സൂചനയും സി.സി.ടി.വി.യിൽ പതിഞ്ഞ അവ്യക്തമായ ദൃശ്യങ്ങളും വെച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചുവന്ന ബൈക്ക് ആ സമയത്ത് കടന്നുപോകുന്നത് കണ്ടുവെന്നായിരുന്നു മൊഴി. സി.സി.ടി.വി. ദൃശ്യത്തിൽ ബൈക്കിന്റെ നമ്പർപ്ലേറ്റിലെ രണ്ട് അക്കവും തെളിഞ്ഞു. തുടർന്ന് ആർ.ടി.ഒ. ഓഫീസിൽ ചുവന്ന ബൈക്കുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ലക്ഷ്യത്തിലെത്തി. മുഹമ്മദ് മുനിവർ അപകടം നടന്ന സമയത്ത് തന്നെയാണ് അതുവഴി നിത്യവും പോകുന്നതെന്നും മനസ്സിലാക്കി. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
Discussion about this post