തൃപ്രയാർ: നാട്ടിക എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർഥികൾ ആണ് ഇന്ന് മികച്ച മാതൃകയാവുന്നത്. കാരണം, ഇവർ തന്നെ കായ വാങ്ങി കൂട്ടത്തോടെ ഇരുന്ന് അരിഞ്ഞും വറുത്തും എടുത്ത് പായ്ക്കറ്റിലാക്കി വിറ്റഴിച്ച തുക പങ്കിട്ടെടുക്കാതെ സ്വന്തം സഹപാഠിയുടെ അച്ഛന് ജീവിത മാർഗം കാണിച്ചു കൊടുത്തിരിക്കുകയാണ്.
തട്ടുകട നടത്താനുള്ള സഹായമാണ് ഈ മിടുക്കരായ വിദ്യാർത്ഥികൾ ചെയ്തു നൽകിയത്. തൃപ്രയാർ പാടത്തിപ്പറമ്പിൽ രാജനു തട്ടുകട നിർമിച്ചു നൽകാനുള്ള പണം സ്വരൂപിക്കാൻ വേണ്ടിയാണു വിദ്യാർഥിസംഘം ഉപ്പേരി ചാലഞ്ച് നടത്തിയത്.
പുന്നമടക്കായലിലെ വള്ളം കളിക്ക് ക്ഷണിച്ച് സംസ്ഥാന സർക്കാർ; നിരസിച്ച് അമിത് ഷാ
തൃശൂരിലെ അശ്വതി ഹോട് ചിപ്‌സിൽ പോയി കായ തൊലി കളഞ്ഞ് അരിഞ്ഞു വാങ്ങിയതും ശരിയായ പാകത്തിൽ വറുത്തു കോരിയതും പായ്ക്കറ്റിലാക്കി സീൽ ചെയ്തതും വിൽപന നടത്തിയതുമെല്ലാം എ വിദ്യാർത്ഥികൾ തന്നെ ആയിരുന്നു. കിലോയ്ക്ക് 450 രൂപ വീതം ഈടാക്കി 200 കിലോ ഉപ്പേരി വിറ്റു. ലഭിച്ച പണമുപയോഗിച്ചു തട്ടുകടയൊരുക്കി.
കടയിലേക്കാവശ്യമായ പാചകവാതക കണക്ഷൻ, ഗ്യാസ് സ്റ്റൗ, പ്രഷർ കുക്കർ തുടങ്ങിയ സാമഗ്രികളെല്ലാം നിമിഷ നേരം കൊണ്ട് ഒരുക്കി. ചായ, കാപ്പി, കടികൾ, കറികൾ തുടങ്ങിയവ വിൽക്കാൻ വേണ്ട ക്രമീകരണങ്ങളെല്ലാം ചെയ്ത് നൽകി. കുട്ടികൾ തന്നെ പെയിന്റടിച്ചു കട മനോഹരമാക്കുകയും വിൽപന സാധനങ്ങൾ ക്രമീകരിക്കുകയും ചെയ്തു.
നാട്ടിക എസ്എൻ കോളജിൽ നടന്ന ഓണ പ്രദർശന മേളയിലൂടെയായിരുന്നു ഉപ്പേരിയുടെ വിൽപന നടത്തിയത്. പ്രിൻസിപ്പൽ ജയാ ബിനി, പ്രോഗ്രാം ഓഫിസർ ശലഭ ശങ്കർ തുടങ്ങിയവരെ സാക്ഷിയാക്കി നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ ആദ്യ വിൽപന നടത്തി തുടക്കമിടുകയും ചെയ്തു. ഇതു കഴിഞ്ഞാലും കുട്ടികൾക്കു വിശ്രമമില്ല. മറ്റൊരു സഹപാഠിക്കു വീടു നിർമിച്ചു നൽകാനായി ബിരിയാണി ചാലഞ്ചിന് ഒരുങ്ങുകയാണിവർ. ഏതായാലും കുട്ടികളുടെ നല്ല മനസിനെ അഭിനന്ദിക്കുകയാണ് നാടും വീട്ടുകാരും സ്‌കൂളും.
Discussion about this post