അഭ്യസ്തവിദ്യരായ ആദിവാസികള്‍ക്ക് വിദേശത്ത് തൊഴില്‍; ആദ്യഘട്ടത്തില്‍ അയക്കുക 1300 പേരെ! രാജ്യത്ത് ആദ്യമായി പ്രവാസി ആദിവാസി തൊഴില്‍ പദ്ധതി നടപ്പാക്കി ഇടത് സര്‍ക്കാര്‍

സര്‍ക്കാരിന്റെ വ്യത്യസ്ത തൊഴില്‍ പദ്ധതിയ്ക്ക് അഭിനന്ദനങ്ങളാണ് എത്തുന്നത്.

കണ്ണൂര്‍: രാജ്യത്ത് ആദ്യമായി പ്രവാസി ആദിവാസി തൊഴില്‍ പദ്ധതി നടപ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍. അഭ്യസ്തവിദ്യരായ ആദിവാസി യുവതീ യുവാക്കള്‍ക്ക് വിദേശത്താണ് സര്‍ക്കാര്‍ തൊഴില്‍ ഒരുക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 1300 പേരെ അയക്കാനാണ് തീരുമാനം. മലേഷ്യ, സിങ്കപ്പൂര്‍, ബഹ്റൈന്‍, ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് അയക്കുന്നത്.

സര്‍ക്കാരിന്റെ വ്യത്യസ്ത തൊഴില്‍ പദ്ധതിയ്ക്ക് അഭിനന്ദനങ്ങളാണ് എത്തുന്നത്. ഇതുവരെ 200 പേരെ വിവിധ രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട്. കൂടുതല്‍ വിദേശരാജ്യങ്ങളിലെ ജോലിസാധ്യത പരിശോധിക്കും. ഇതിനായി ഉദ്യോഗസ്ഥസംഘം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും പദ്ധതിയുണ്ട്. വിദേശത്ത് ജോലിക്കു പോകാന്‍ താത്പര്യമുള്ള ആദിവാസികള്‍ക്ക് ഇതിനുള്ള ഒരുക്കങ്ങള്‍ക്കായി സര്‍ക്കാര്‍ ഒരുലക്ഷം രൂപ വീതം നല്‍കും.

ഗോത്രഭാഷയറിയുന്ന, ടിടിസി.-ബിഎഡ് യോഗ്യതയുള്ള മുഴുവന്‍ ആദിവാസികള്‍ക്കും ജോലി നല്‍കുമെന്ന് മന്ത്രി എകെ ബാലന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. ആദിവാസികള്‍ക്കിടയിലെ പ്രൈമറിതലത്തിലുള്ള കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം അവരുടെ ഗോത്രഭാഷയില്‍ വിദ്യഭ്യാസം നല്‍കുന്നതിലെ പരിമിതിയാണ്. അതിനാലാണ് ഗോത്രഭാഷയില്‍ പ്രാവീണ്യമുള്ള അധ്യാപകരെത്തന്നെ പഠനത്തിന് നിയോഗിക്കുന്നത്.

ആദിവാസിമേഖലകളില്‍ മാത്രം കൂടുതലായി കാണുന്ന രോഗങ്ങളുടെ ചികിത്സയ്ക്ക് ‘ഫിസിക്കല്‍ ആന്ത്രപ്പോളജി’ വിഭാഗത്തോടുകൂടിയ ആസ്പത്രി അട്ടപ്പാടിയില്‍ സ്ഥാപിക്കും. അരിവാള്‍രോഗം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ആദിവാസിമേഖലകളിലാണ് കൂടുതലായി കാണുന്നത്. ഇത്തരം രോഗവ്യാപനത്തെക്കുറിച്ച് നരവംശശാസ്ത്രപരമായ പഠനം ആവശ്യമാണ്. ഇതേക്കുറിച്ച് പഠിക്കാന്‍ കൊല്‍ക്കത്തയില്‍ പോയിരുന്നതായും മന്ത്രി പറഞ്ഞു

Exit mobile version