ആകാശത്തോളം ഉയരത്തില്‍ ഗോപിക കണ്ട സ്വപ്‌നം സഫലം: ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യ എയര്‍ഹോസ്റ്റസായി കണ്ണൂരുകാരി ഗോപിക

കണ്ണൂര്‍: കേരളത്തിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുളള ആദ്യ എയര്‍ഹോസ്റ്റസായി കണ്ണൂര്‍ ആലക്കോട്ടെ ഗോപിക ഗോവിന്ദും. എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ പുഞ്ചിരിയോടെ വരവേല്‍ക്കാന്‍ ഇനി ഗോപികയുമുണ്ടാകും. സ്‌കൂള്‍ പഠനകാലത്ത് ഗോപിക മനസിലേറ്റിയ സ്വപ്‌നമാണ് യാഥാര്‍ഥ്യമാകുന്നത്. മുംബൈയിലെ എയര്‍ ഇന്ത്യയില്‍ ഒരു മാസത്തെ പരിശീലനം കൂടി പൂര്‍ത്തിയാക്കിയാല്‍ മതി ഗോപികയുടെ സ്വപ്‌നം യാഥാര്‍ഥ്യമാകാന്‍.

കണ്ണൂര്‍ ആലക്കോട് സ്വദേശിനിയാണ് ഗോപിക. കൂലിപ്പണിക്കാരനായ ഗോവിന്ദന്റെയും ബിജിയുടെയും മകള്‍. ആലക്കോട്ടെ കണിയഞ്ചാല്‍ ഗവ. ഹൈസ്‌കൂളില്‍ എട്ടില്‍ പഠിക്കുമ്പോള്‍ ഗോപിക മനസിലേറ്റിയ സ്പനമാണ് ഈ ജോലി.

പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അയാട്ട എയര്‍ലൈന്‍സ് കസ്റ്റമര്‍ സര്‍വീസ് കോഴ്സ് പഠിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഗോപിക തന്റെ സ്വപ്നത്തിലേക്ക് പറന്നുയര്‍ന്നത്. വയനാട്ടിലെ ഡ്രീംസ്‌കൈ ഏവിയേഷന്‍ ട്രെയിനിങ് അക്കാദമിയിലായിരുന്നു പരിശീലനം. കോഴ്സ് പൂര്‍ത്തിയാകും മുമ്പേയാണ് ജോലി ലഭിച്ചത്.

Read Also: ‘വാരിയംകുന്നന്റെ സ്മാരകം പണിതാല്‍ തകര്‍ക്കാന്‍ ലോകത്തുള്ള മുഴുവന്‍ ഹിന്ദുക്കളും മലപ്പുറത്തേക്ക് എത്തും’: വെല്ലുവിളിച്ച് ശശികല

സര്‍ക്കാരൊരുക്കിയ സഹായം കൊണ്ടുമാത്രമാണ് താനുള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന ഫീസും മറ്റ് ചെലവുകളുമുള്‍പ്പെടെ താങ്ങാനായതെന്ന് ഗോപിക പറഞ്ഞു. ഒരുലക്ഷം രൂപയോളമുള്ള ഫീസും സ്‌റ്റൈപെന്‍ഡും താമസസൗകര്യവുമെല്ലാം സര്‍ക്കാര്‍ ഒരുക്കിത്തന്നു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ വിദഗ്ധ പരിശീലനവും നല്‍കി.

പട്ടികവര്‍ഗ വികസന വകുപ്പിന്റെ സ്‌കോളര്‍ഷിപ്പോടെ 160 പേരാണ് കോഴ്‌സിലുള്ളത്. ആറ് മാസ കോഴ്സ് പഠിച്ചിറങ്ങിയ 93 പേര്‍ക്കും ഒരു വര്‍ഷ കോഴ്സ് കഴിഞ്ഞ 11 പേര്‍ക്കും വിവിധ എയര്‍ലൈനുകളില്‍ ജോലി ലഭിച്ചു. മുന്‍വര്‍ഷം പട്ടികജാതി വിഭാഗക്കാരായ 28 കുട്ടികള്‍ക്കും ജോലി ലഭിച്ചിരുന്നു.

Exit mobile version