തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിയമസഭയില്‍ മന്ത്രി വീണ ജോര്‍ജിനെ താക്കീത് ചെയ്തു എന്നത് തെറ്റായ വാര്‍ത്തയില്‍ വിശദീകരണവുമായി സ്പീക്കര്‍ എം ബി രാജേഷ്. വീണ ജോര്‍ജിനെ താക്കീത് ചെയ്യുകയോ ശാസിക്കുകയോ ചെയ്തിട്ടില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. മന്ത്രിക്ക് ചെയറിന്റെ സംരക്ഷണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റിദ്ധാരണാപരമായ വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് വിശദീകരണമെന്നും സ്പീക്കര്‍ നിയമസഭയില്‍ പറഞ്ഞു.
മന്ത്രിയുടേതല്ലാത്ത ഉത്തരവാദിത്തത്തിന്റെ പേരില്‍ സ്പീക്കര്‍ ശാസിച്ചു എന്നത് തെറ്റായ വാര്‍ത്തയാണ്. മാധ്യമ വാര്‍ത്തകളില്‍ കാണുന്നത് പോലെ താക്കീത്, ശാസന എന്ന പദപ്രയോഗം നല്കിയ കത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
ഫെബ്രുവരി 22ന് പരിഗണിച്ച ചോദ്യത്തിന്റെ പിരിവുകള്‍ക്ക് ആരോഗ്യമന്ത്രി നല്കിയ മറുപടി ഒരേ രൂപത്തിലുള്ളതാണെന്നും അവകാശലംഘനമാണെന്നും കാണിച്ച് കോണ്‍ഗ്രസ് നിയമസഭാകക്ഷി സെക്രട്ടറി എപി അനില്‍കുമാര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് താന്‍ ആരോഗ്യമന്ത്രിയോട് പ്രതികരണം തേടിയത്.
സര്‍ക്കാരിന് ലഭ്യമായ മറുപടിയാണ് നല്‍കുന്നത്. ചോദ്യങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് വരുന്നതിനാലാണ് സംയോജിത മറുപടി ലഭ്യമാക്കിയത്. നിയമസഭാ ചോദ്യങ്ങളില്‍ നിന്ന് മനഃപൂര്‍വ്വം ഒഴിഞ്ഞുമാറുന്ന സമീപനം സ്വീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി മറുപടി നല്കി. ഇതിന് ശേഷം, ഒരേ മറുപടി നല്‍കിയത് ശരിയായ പ്രവണതയല്ല, ഭാവിയില്‍ ഇക്കാര്യം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രിയെ അറിയിക്കാന്‍ ഉത്തരവിറക്കിയിട്ടുണ്ടെന്നും അനില്‍ കുമാറിന്റെ പരാതിക്ക് മറുപടി നല്‍കുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷമാണ് താന്‍ ഇക്കാര്യം വിശദമായി പരിശോധിച്ചതെന്നും സ്പീക്കറുടെ വിശദീകരണത്തില്‍ പറയുന്നു.
ഒരു ചോദ്യത്തിന്റെ വ്യത്യസ്ത പിരിവുകള്‍ക്കുള്ള മറുപടി സമാനമാണെങ്കില്‍ അത് പൊതുവായ ഒറ്റ മറുപടിയായി കൊടുക്കുന്ന പതിവുണ്ട്. എന്നാല്‍ പൊതുമറുപടി കൊടുക്കുന്നതിന് നിയമസഭാ പോര്‍ട്ടലില്‍ ചില സാങ്കേതിക തടസങ്ങളുണ്ട്. എ പി അനില്‍ കുമാറിന് മറുപടി നല്കുന്ന സമയത്ത് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും, പോര്‍ട്ടലിന്റെ സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു. പൊതുനടപടിക്രമം അല്ലാതെ ഇക്കാര്യത്തില്‍ അസാധാരണമായ ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post