കോട്ടയം: കോട്ടയത്തിന് സമീപം ആർപ്പൂക്കരയിൽ പത്തടിയോളം നീളമുള്ള രാജവെമ്പാലയെ വനംവകുപ്പ് നടത്തിയ പരിശോധനയിൽ പിടികൂടി. ഒരു മാസം മുമ്പ് തൊണ്ണംകുഴി സ്വദേശി സുജിത്തിന്റെ കാറിൽ മലപ്പുറത്ത് നിന്ന് കയറിയ പാമ്പാണിത് എന്നാണ് സംശയം.
ഈ മാസം ആദ്യം സുജിത്ത് കാറുമായി ലിഫ്റ്റിന്റെ ജോലികൾക്കായി മലപ്പുറം വഴിക്കടവിൽ പോയിരുന്നു. വഴിക്കടവ് ചെക്പോസ്റ്റിന് സമീപത്ത് ആയിരുന്നു കാർ നിർത്തിയിട്ടിരുന്നത്. ഈ സമയത്ത് ഒരു പാമ്പ് സുജിത്തിന്റെ കാറിൽ കയറിയതായി പ്രദേശവാസികൾ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് വാഹനം വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
തുടർന്ന് ഈ കാർ തന്നെ ഓടിച്ച് സുജിത്ത് കോട്ടയത്തെ വീട്ടിലെത്തി. ഇതിനിടെ കഴിഞ്ഞ ആഴ്ച സുജിത്തിന്റെ വീടിന് സമീപത്തുനിന്ന് പാമ്പിന്റെ പടം പൊഴിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് സംശയം തോന്നി വാവ സുരേഷിനെ കൊണ്ടുവന്ന് കാറിന്റെ ബമ്പർ വരെ അഴിച്ചു പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തുടർന്ന് ഇന്ന് രാവിലെ വീടിന്റെ പരിസരത്ത് പാമ്പിനെ കണ്ടുവെന്ന് പറഞ്ഞതോടെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പാറമ്പുഴയിൽ നിന്നുള്ള വനംവകുപ്പ് വിദഗ്ദ്ധ സംഘമെത്തി നടത്തിയ പരിശോധനയിൽ സുജിത്തിന്റെ വീടിന്റെ 500 മീറ്റർ അകലെ അയൽവാസിയുടെ പുരയിടത്തിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.
Discussion about this post