മലപ്പുറം: ദേശീയ പാത വികസനത്തിന് വേണ്ടി ഖബര്‍സ്ഥാനുകള്‍ പൊളിച്ചുമാറ്റി പാലപ്പെട്ടി ബദര്‍പള്ളി. നാഷണല്‍ ഹൈവേയ്ക്ക് വേണ്ടി ഖബര്‍ സ്ഥാനിലെ അര ഏക്കര്‍ സ്ഥലമാണ് മഹല്ല് കമ്മിറ്റിയുടെ തീരുമാന പ്രകാരം പാലപ്പെട്ടി ബദര്‍ പള്ളി വിട്ടുനല്‍കിയത്.
അര ഏക്കറോളം വരുന്ന സ്ഥലത്തെ 314 ഖബറുകള്‍ ജനങ്ങള്‍ ചേര്‍ന്നും ജെസിബി ഉപയോഗിച്ചും പൊളിച്ചു നീക്കി. 15 വര്‍ഷം മുതല്‍ അര നൂറ്റാണ്ട് വരെ പഴക്കമുള്ള ഖബറുകള്‍ ഉള്‍പ്പെടെയാണ് മാറ്റിയത്. പാലപ്പെട്ടി ബദര്‍പള്ളി മഹല്ല് കമ്മിറ്റിയും ദാറുല്‍ ആഖിറ മയ്യിത്ത് പരിപാലന കമ്മിറ്റിയുമാണ് ഖബര്സ്ഥാന് മാറ്റി സ്ഥാപിക്കലിന് നേതൃത്വം നല്‍കിയത്.
പൊളിച്ച ഖബറുകളില്‍ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങളും വസ്ത്രഭാഗങ്ങളും ഖബറിസ്ഥാന്റെ പടിഞ്ഞാറ് ഭാഗത്ത് മറവ് ചെയ്തു. ഇതിനായി പുതിയ ഖബറുകള്‍ കുഴിച്ചു. ദേശീയ പാതയ്ക്ക് സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയിരുന്നു. നാഷണല്‍ ഹൈവേ വികസനം വരുന്നത് മുന്നില്‍ കണ്ട് കഴിഞ്ഞ 15 വര്‍ഷമായി പടിഞ്ഞാറ് ഭാഗത്താണ് മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത്.
Discussion about this post