തൊടുപുഴ: ലഹരിമരുന്ന് കേസിൽ തൊടുപുഴയിൽ പിടിക്കപ്പെട്ട അക്ഷയ ഷാജിയുടെ ജീവിതം തിരിച്ചുപിടിക്കാൻ സഹായം പ്രഖ്യാപിച്ചു ചെറുവട്ടൂർ സ്കൂൾ പി.ടി.ഐ. റിമാൻഡിൽ കഴിയുന്ന അക്ഷയക്ക് തുടർ ചികിത്സയ്ക്കും, ഉപരിപഠനത്തിനും ആവശ്യമായ സഹായം നൽകാനാണ് തീരുമാനം.
അക്ഷയ പ്ലസ് ടു പഠിച്ചിറങ്ങിയ ചെറുവട്ടൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പിടിഎ ആണ് കൈവിട്ടു കളയാതെ ചേർത്ത് നിർത്തുന്നത്. പെൺകുട്ടികൾ അടക്കം മയക്കുമരുന്ന് ലോബിയുടെ കെണിയിൽ വീഴുന്ന സാഹചര്യം കണക്കിലെടുത്താണ് സ്കൂൾ മാതൃകാപരമായ തീരുമാനം കൈകൊണ്ടത്.
മറ്റൊരു പെൺകുട്ടിയും ഇനി ഇത്തരം ചതിക്കുഴിയിൽ വീഴരുതെന്ന സന്ദേശം ഉയർത്തിയാണ് പി.ടി.ഐ രംഗത്തുവന്നിട്ടുള്ളത്. 2018 മികച്ച മാർക്കോടെ പ്ലസ് ടു പാസായ അക്ഷയ പിന്നീട് കോതമംഗലം എം.എ കോളജിൽ 80 ശതമാനം മാർക്കോടെ ഡിഗ്രി സോഷ്യോളജി പാസാവുകയും, തുടർ പഠനത്തിനായി എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിൽ ചേരുകയും ചെയ്തിരുന്നു.
മൂന്ന് മാസത്തിനു ശേഷം സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട തൊടുപുഴ സ്വദേശിയുമായി പ്രണയത്തിൽ ആയി. പിന്നീട് പഠനം മുടങ്ങി. ആറുമാസം തൊടുപുഴയിലെ രണ്ട് ടെക്സ്റ്റൈൽസിൽ അക്ഷയ ജോലി ചെയ്തു. ഇടത്തരം സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബങ്ങളാണ് അക്ഷയയുടെയും യൂനസിന്റെയും.
തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമീപത്തുള്ള ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് അക്ഷയയും യൂനസും പിടിയിലാകുന്നത്. യൂനസിന്റെ സഹോദരൻ കുറച്ച് ദിവസങ്ങൾക്കു മുമ്പാണ് മറ്റൊരു ലഹരി കേസിൽ പിടിയിലായത്. പോലീസ് പിടിയിലായതിനു ശേഷം അക്ഷയയുടെ കരച്ചിൽ കേരളം കേട്ടിരുന്നു.
Discussion about this post