ആലപ്പുഴ: ഹരിപ്പാട് മുട്ടത്തെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹസദ്യയ്ക്കിടെ ഉണ്ടായ ‘പപ്പട’ തല്ലിൽ ഓഡിറ്റോറിയം ഉടമയ്ക്ക് നഷ്ടം ഒന്നര ലക്ഷം രൂപ. തല്ല് കിട്ടി പരിക്കേറ്റതിന് പുറമേ ഓഡിറ്റോറിയത്തിലെ കസേരയും മേശയും മറ്റ് സാധന സാമഗ്രികളും നശിച്ചതോടെയാണ് ഒന്നര ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നത്. കസേര കൊണ്ടുള്ള ആക്രമണത്തിൽ ഉടമ മുരളീധരന് 14 സ്റ്റിച്ചുണ്ട്. അതേസമയം വരന്റെ വീട്ടുകാർ നഷ്ടപരിഹാരം നൽകില്ലെന്ന നിലപാടിലാണ്. ഇതോടെ വധുവിന്റെ അച്ഛൻ പരാതി നൽകിയിട്ടുണ്ട്.
വരന്റേയും വധുവിന്റേയും കൂട്ടർ കസേരയുൾപ്പെടെ ഓഡിറ്റോറിയത്തിലെ സാധനങ്ങൾ ഉപയോഗിച്ചാണ് പരസ്പരം ആക്രമിച്ചത്. പപ്പട തല്ലിൽ തനിക്ക് ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ഉടമ മുരളീധരൻ കരീലക്കുളങ്ങര പോലീസിൽ മൊഴി നൽകി. സംഭവത്തിൽ 15 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
കൂടാതെ ഓഡിറ്റോറിയത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.മുട്ടത്തെ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച്ചയാണ് പപ്പടത്തെ ചൊല്ലി വിവാഹസദ്യയിൽ തല്ലുണ്ടായത്. വരന്റെ സുഹൃത്തുക്കളിൽ ചിലർ ഭക്ഷണം കഴിക്കുന്നതിനിടെ രണ്ടാമതും പപ്പടം ആവശ്യപ്പെട്ടതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.
ALSO READ- ‘ജീവിക്കരുതെന്ന് എന്റെ ഹൃദയം പറയുന്നു’ 27-ാം വയസിൽ ജീവിതം അവസാനിപ്പിച്ച് നടി യൂ ജൂ ഇൻ
ആക്രമണത്തിൽ ഓഡിറ്റോറിയം ഉടമ മുരളീധരൻ, ജോഹൻ, ഹരി എന്നിവർക്ക് പരുക്കേറ്റു. സദ്യയുടെ അവസാന പന്തിയിലുണ്ടായിരുന്ന എട്ടോളം ചെറുപ്പക്കാരാണ് സംഘർഷം സൃഷ്ടിച്ചതെന്നാണ് മുരളീധരൻ പറയുന്നത്.
Discussion about this post