കൊച്ചി: കോവിഡ് മഹാമാരിയ്ക്ക് ശേഷം കേരളം വീണ്ടും ഓണം ആഘോഷിക്കാനൊരുങ്ങുകയാണ്. പലരും ഓണാഘോഷത്തിനുള്ള ഒരുക്കങ്ങളാരാംഭിച്ച്
കഴിഞ്ഞു. ഓണാവധിക്ക് മുമ്പ് തന്നെ ഓണമാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂളുകളും കോളേജുകളും.
എന്നാല്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് തോന്നുന്നു ഓണസദ്യക്കുള്ള വിഭവങ്ങളെല്ലാം കുട്ടികള്‍ തന്നെ കൊണ്ടുവരട്ടെ എന്ന തീരുമാനത്തിലാണ് കൊച്ചിയിലെ ഒരു സ്വകാര്യ സ്‌കൂള്‍. അതിനിടയിലാണ് ഒരു സ്‌കൂള്‍ രക്ഷിതാക്കള്‍ക്ക് അയച്ച ഒരു അഭ്യര്‍ത്ഥന സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കപ്പെടുന്നത്.
കുട്ടികള്‍ക്ക് ഓണസദ്യയ്ക്ക് ചോറ് ഇലയില്‍ കൊടുത്തു വിടണം എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍, അക്കൂട്ടത്തില്‍ വേറൊരു കാര്യം കൂടി സ്‌കൂള്‍ ആവശ്യപ്പെടുന്നുണ്ട്. എന്തൊക്കെയാണ് കൊടുത്തു വിടേണ്ടത് എന്നതിന്റെ ലിസ്റ്റും നിര്‍ദ്ദേശത്തില്‍ പറയുന്നു. അക്കൂട്ടത്തില്‍ അണ്ടിപ്പരിപ്പും മുന്തിരിയും ഉണ്ട്.
‘ഓണാഘോഷത്തോടനുബന്ധിച്ച് സ്‌കൂളില്‍ കുട്ടികള്‍ക്ക് ഓണസദ്യ ഒരുക്കുന്നുണ്ട്. അതിനായി എല്ലാ കുട്ടികളും വീടുകളില്‍ നിന്ന് ഓരോ വിഭവങ്ങള്‍ ആറു പേര്‍ക്ക് കഴിക്കാവുന്ന വിധത്തില്‍ കൊടുത്തു വിടേണ്ടതാണ്’ എന്നാണ് കൊച്ചിയിലെ ഈ സ്വകാര്യ സ്‌കൂള്‍ രക്ഷിതാക്കള്‍ക്ക് അയച്ച കത്ത് തുടങ്ങുന്നത്.
ഓരോ കുട്ടികളും കൊണ്ടുവരേണ്ട സാധനങ്ങളുടെ വിവരണവും നല്‍കിയിട്ടുണ്ട്. അതുപോലെ അന്നേ ദിവസം കുട്ടികള്‍ക്ക് ആവശ്യമായ ചോറ് ഇലയില്‍ കൊടുത്തു വിടണമെന്നും അധികൃതര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. പായസം സ്‌കൂളില്‍ നിന്നും ഉണ്ടാക്കുന്നുണ്ട്. അതിനായിട്ടാണ് അണ്ടിപ്പരിപ്പും മുന്തിരിയും ഏലക്കായും അടങ്ങുന്ന ചെറിയ പാക്കറ്റ് കൊടുത്തു വിടാന്‍ സ്‌കൂള്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
വെളിച്ചെണ്ണ, സാമ്പാര്‍ പരിപ്പ്, ബെല്ലം, നെയ്യ്, പുളി, വടുകപ്പുളി, ഇഞ്ചി, ശര്‍ക്കര ഉപ്പേരി തുടങ്ങിയവയാണ് ലിസ്റ്റിലുള്ള മറ്റ് വസ്തുക്കള്‍. ഏതായാലും സോഷ്യല്‍ മീഡിയയില്‍ കത്ത് വൈറലായതോടെ സമാനമായ സ്‌കൂള്‍ നിര്‍ദ്ദേശങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് തുടങ്ങിയിട്ടുണ്ട്.
Discussion about this post