കൊച്ചി: വിജയേട്ടന്‍ ബാക്കി വച്ച ജപ്പാനിലേക്കുള്ള സ്വപ്‌ന യാത്ര മോഹന പൂര്‍ത്തിയാക്കും. കഴിഞ്ഞവര്‍ഷം നവംബറിലാണ് എറണാകുളം ഗാന്ധിനഗര്‍ സലിംരാജന്‍ റോഡിലെ ശ്രീബാലാജി കോഫി ഷോപ്പിലെ വിജയന്‍ അപ്രതീക്ഷിതമായി ജീവിതത്തില്‍ നിന്നും യാത്രയായത്.
ചായക്കട നടത്തി ലോകയാത്ര നടത്തുന്ന ദമ്പതിമാരായി പ്രശസ്തി നേടിയ ദമ്പതിമാരാണ് മോഹനയും വിജയനും. വരുന്ന മാര്‍ച്ച് 21-ന് പാതിവഴിക്ക് നിര്‍ത്തിയ ആ യാത്ര മോഹന വീണ്ടും തുടങ്ങുകയാണ്, ഒപ്പം വിജയനില്ലാതെ.
2007-ല്‍ ഈജിപ്തിലേക്കായിരുന്നു ആദ്യയാത്ര. തുടര്‍ന്ന് അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി, അര്‍ജന്റിന, ബ്രസീല്‍, പെറു, റഷ്യ… ആകെ 26 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ചായക്കടയിലെ വരുമാനംകൊണ്ടായിരുന്നു ചിലപ്പോള്‍ യാത്ര.
മറ്റുചിലപ്പോള്‍ ചിട്ടി പിടിച്ച് അല്ലെങ്കില്‍ കെ.എസ്.എഫ്.ഇ. വായ്പയെടുത്ത്. യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം പ്രചോദനവും ആവേശവുമായിരുന്നു ഇരുവരുടെയും ലോകയാത്രകള്‍.
”ജപ്പാനിലേക്കുള്ള ഈ യാത്രയെക്കുറിച്ച് വിജയേട്ടന്‍ പറയുമായിരുന്നു. അതിനായി മനസ്സുകൊണ്ട് ഒരുങ്ങുകയായിരുന്നു ഞങ്ങള്‍. പക്ഷേ.. ” മോഹനയുടെ വാക്കുകള്‍ മുറിഞ്ഞു. വിജയനില്ലെങ്കിലും മകള്‍ ഉഷയും മരുമകന്‍ മുരളിയും മോഹനയ്ക്കൊപ്പം ഈ ജപ്പാന്‍യാത്രയിലുണ്ടാകും. സ്വകാര്യ ടൂര്‍ സ്ഥാപനമാണ് മോഹനയുടെ യാത്രാച്ചെലവ് വഹിക്കുന്നത്.
ജപ്പാനും കൂടി കഴിഞ്ഞാല്‍ ഇനി ചെറിയ യാത്രകള്‍ മതിയെന്ന് വിജയന്‍ പറയുമായിരുന്നു. ഇന്ത്യയിലെ സ്ഥലങ്ങള്‍ കാണാമെന്നാണ് പറഞ്ഞിരുന്നത്. ”വെജിറ്റേറിയന്‍ ഭക്ഷണം എല്ലായിടത്തും കിട്ടില്ലല്ലോ. അതുകൊണ്ട് യാത്രയില്‍ ഞങ്ങളുടെ ആഹാരമൊക്കെ ലളിതമായിരുന്നു. കാപ്പി, ചായ, ബ്രഡ് എന്നിങ്ങനെ. ഇത്തവണ പോകുമ്പോഴും അച്ചാറും ചട്ണിപ്പൊടിയുമൊക്കെ കൊണ്ടുപോകും. ഇനി ആറുമാസവും 24 ദിവസവുമുണ്ട്”, ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് മോഹന.