മൂവാറ്റുപുഴ: കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ ശ്വാസം നിലച്ചു പോയി മരണത്തിലേയ്ക്ക് വഴുതി വീണ വയോധികയെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റി യാത്രക്കാരിയായ വനിതാ ഡോക്ടർ. ആവോലി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ.കെ.ജൂനിയ ആണ് പുതിയകാവ് സ്വദേശിയായ പുഷ്പയെ ജീവിതത്തിലേയ്ക്ക് വീണ്ടും എത്തിച്ചത്.
കോടിയേരി സ്ഥാനമൊഴിഞ്ഞു: എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി
തൊടുപുഴ- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം നടന്നത്. ഭർത്താവിനൊപ്പം മുവാറ്റുപുഴയിലേക്കു യാത്ര ചെയ്യുന്നതിനിടെ പെരുവംമുഴിയിൽ എത്തിയപ്പോഴാണു പുഷ്പ സീറ്റിൽ കുഴഞ്ഞു വീണത്. ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ടി. വെള്ളം നൽകാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി. ഈ സമയം, പുഷ്പ കൂടുതൽ അവശയായി. ചലനമില്ലാത്ത അവസ്ഥയിലായി.
ഉടനടി, ഡോ. ജൂനിയ പുഷ്പയെ പരിശോധിച്ച ശേഷം സിപിആർ നൽകി. തുടർച്ചയായി സിപിആർ നൽകിയതോടെ പുഷ്പ ശ്വാസം എടുക്കാൻ ആരംഭിച്ചെങ്കിലും എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ബസ് വാളകത്ത് എത്തിയപ്പോൾ നിർത്തിയിടാൻ ജുനിയ നിർദേശിച്ചു. സിപിആർ നൽകുന്നതു തുടർന്നു കൊണ്ടേയിരുന്നു. ഇതിനോടകം ബസിലെ യാത്രക്കാർ ആംബുലൻസ് സേവനത്തിനായി ശ്രമം ആരംഭിച്ചിരുന്നു.
ആംബുലൻസ് എത്തിയപ്പോഴേക്കും പുഷ്പ എഴുന്നേറ്റു നിൽക്കാൻ കഴിയുന്ന അവസ്ഥയിലേയ്ക്ക് എത്തി. തുടർന്നു പുഷ്പയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു. അടിയന്തര ചികിത്സ നൽകിയതിനാലാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കൃത്യസമയത്ത് ഇടപെട്ട് ഒരു ജീവൻ കാത്തുസംരക്ഷിച്ച ജൂനിയയെ മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആരോഗ്യ മേളയിൽ ഡീൻ കുര്യാക്കോസ് എംപി ആദരിച്ചു.