മറ്റത്തൂർ: കിഴക്കേ കോടാലിയിൽ മകൻ അമ്മയെ ദാരുണമായി കൊലപ്പെടുത്തിയത് കേരളം ഞെട്ടലോടെയാണ് കണ്ടത്. ഉപ്പുഴിയിൽ 54കാരിയായ ശോഭനയെ മകൻ വിഷ്ണുവാണ് ദാരുണമായി കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കലിയടങ്ങാതെ ഗ്യാസ് സിലിണ്ടർ തലയിലിട്ടായിരുന്നു കൊടുംക്രൂരത.
ക്രൂരമായ ഈ കൊലപാതകത്തിന് കാരണമായത് 2 ലക്ഷം രൂപയെച്ചൊല്ലിയുള്ള തർക്കമാണ്. കേസിലെ തുടരന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. പരിശോധനയിൽ ശോഭനയുടെ വീട്ടിൽ നിന്നും 2 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. ശോഭനയുടെ കുടുംബം മുൻപു താമസിച്ചിരുന്ന താളൂപ്പാടത്തെ 11 സെന്റ് ഭൂമിയും വീടും 8 ലക്ഷം രൂപയ്ക്കു വിറ്റിരുന്നു.
ഇതിൽ 2.34 ലക്ഷം രൂപ മകൻ വിഷ്ണുവിന്റെ പേരിൽ ശോഭന ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. എന്നാൽ, കണക്കില്ലാതെ ലോട്ടറിയെടുത്തും ഓൺലൈൻ ഇടപാടുകൾ വഴിയും മകൻ പണം നഷ്ടപ്പെടുത്തുന്നതറിഞ്ഞു ശോഭന ചോദ്യംചെയ്തു. അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്ന 2,00,000 രൂപ ശോഭനയുടെ നിർബന്ധത്തിനു വഴങ്ങി വിഷ്ണു അമ്മയുമൊത്ത് ബാങ്കിൽ പോയി പിൻവലിച്ചു.
ഈ പണം ശോഭനയാണു കൈവശം വെച്ചിരുന്നത്. ചെലവിനു പണം ആവശ്യപ്പെട്ടു വിഷ്ണു വീണ്ടും എത്തി. ഇരുവരും തമ്മിൽ വാക്കേറ്റവും നടന്നു. അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഗ്യാസ് സിലിണ്ടർ പൊക്കിയെടുത്തു തലയ്ക്കടിച്ച് അമ്മയുടെ മരണം ഉറപ്പാക്കുകയായിരുന്നു.
കൊലപാതകത്തിനു ശേഷം പണം എടുക്കാതെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വിഷ്ണു ലഹരിക്കടിമയാണെന്നു പൊലീസ് പറഞ്ഞു. ശോഭനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം കൊരട്ടി പഞ്ചായത്ത് ക്രിമറ്റോറിയത്തിൽ സംസ്‌കരിച്ചു. വിഷ്ണു റിമാൻഡിലാണ്. പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.