മറ്റൊരാളുമായി ചാറ്റ് ചെയ്‌തെന്നാരോപിച്ച് യുവതിയ്ക്ക് ക്രൂര മർദ്ദനം; 24കാരൻ അറസ്റ്റിൽ

മലപ്പുറം: ഇരുപത്തിരണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും മർദിച്ച് പരുക്കേൽപ്പിക്കുകയും ചെയ്‌തെന്ന പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. പുത്തൂർ പള്ളിക്കൽ അങ്കപ്പറമ്പ് സ്വദേശി കൃഷ്ണ ഹൗസിൽ ശിവപ്രസാദിനെയാണ് (24)യാണ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഇയാൾ റിമാൻഡിലാണ്.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട താനൂർ സ്വദേശിനിയായ 22കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും പിന്നീട് യുവാവിന്റെ പുത്തൂർപള്ളിക്കലിലെ വീടിന് സമീപത്തെ ഒഴിഞ്ഞ വീട്ടിലെത്തിച്ച ശേഷം യുവതിക്ക് മറ്റുള്ളവരുമായി ബന്ധമുണ്ടെന്നാരോപിച്ച് മർദിക്കുകയായിരുന്നുവെന്നാണ് പരാതി.

യുവതി താനൂർ പൊലീസിൽ നൽകിയ പരാതി തേഞ്ഞിപ്പലം പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ 20നാണ് യുവതിയെ മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. വിവാഹം വാഗ്ദാനം നൽകി മുമ്പ് പല തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയതും മർദിച്ചതും പുറത്ത് പറഞ്ഞാൽ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി നൽകിയ പരാതിയിലുള്ളതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

Exit mobile version