തിരുവനന്തപുരം: തുടർച്ചയായി മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ച സംഭവത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു. ബസ് ഡ്രൈവർ വയനാട് സ്വദേശി സി.അൻവർ സാദിഖിനെതിരെയാണ് നടപടി. അന്വേഷണത്തിന് ശേഷം പുറത്താക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നും അറിയിച്ചു.
തിരുവനന്തപുരത്തു നിന്നും കോഴികോട്ടേക്ക് യാത്രക്കാരുമായി പോയ ബസിലെ ഡ്രൈവർക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. ഡ്രൈവറുടെ അമിതമായ ഫോൺ വിളി പകർത്തി മോട്ടോർ വാഹന വകുപ്പിന് കൈമാറിയത് യാത്രികരാണ്. യാത്ര പുറപ്പെട്ട് അരമണിക്കൂറിനിടെ ഏകദേശം 8 കോളുകളാണ് വന്നതെന്നും ദീർഘനേരം സംസാരിച്ചതായും യാത്രികർ വെളിപ്പെടുത്തി.
തുടർന്ന് ഫോൺ പരിശോധിച്ചതിൽ നിന്നും ഈ മൊഴി ശരിയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. വെഞ്ഞാറമൂടിന് സമീപം കാരേറ്റ് വെച്ചാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ബസ് പിടികൂടിയത്. ഡ്രൈവർക്ക് തുടരെ ഫോൺ വന്നു തുടങ്ങിയ കാര്യം യാത്രക്കാർ കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് വീഡിയോ എടുത്ത് മോട്ടോർ വാഹന വകുപ്പിന് കൈമാറിയത്.
ഡ്രൈവർക്ക് എത്തിയ കോളുകൾ എല്ലാം, സ്വിഫ്റ്റ് ഒഴിവിലേക്ക് അപേക്ഷ നൽകിയിരുന്നവരുടേതായിരുന്നു. എല്ലാ വിളികൾക്കും ദീർഘമായ മറുപടി നൽകിയിരുന്നതായും അധികൃതർ കണ്ടെത്തി. നടപടി പൂർത്തിയാക്കിയ ശേഷം ഡ്രൈവർക്ക് യാത്ര തുടരാൻ അനുവാദം നൽകി. പിന്നാലെയാണ് നടപടി സ്വീകരിക്കുമെന്ന് മന്ത്രിയും അറിയിച്ചത്. ഡ്രൈവർക്ക് എതിരെ മോട്ടർ വാഹന നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.
Discussion about this post