തൃശ്ശൂർ: ചായയിൽ വിഷം നൽകി സ്വന്തം അമ്മയെ കൊലപ്പെടുത്തിയ മകളുടെ ക്രൂരത കേരളം ഞെട്ടലോടെയാണ് കേട്ടത്. 39കാരിയായ മകൾ ഇന്ദുലേഖയാണ് സ്വന്തം അമ്മയെ സ്വത്തിന്റെ പേരിൽ ഇല്ലാതാക്കിയത്. ഓഗസ്റ്റ് പതിനെട്ടിന് വൈകിട്ടാണ് കുന്നംകുളം കീഴൂർ സ്വദേശിയായ 58കാരിയായ രുഗ്മിണിയെ ഛർദ്ദി കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ പരിശോധനയിൽതന്നെ വിഷാംശം ഉള്ളിൽ ചെന്നതായി ഡോക്ടർ പറഞ്ഞു.
വിദഗ്ധ ചികിൽസയ്ക്കായി തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ ചെന്നപ്പോഴും ഡോക്ടർമാർ വിഷാംശത്തിന്റെ കാര്യം ആവർത്തിച്ചു. ഛർദ്ദി നിൽക്കുന്നുണ്ടായിരുന്നില്ല. അവശനിലയിൽ കിടക്കുമ്പോൾ, രുഗ്മിണി ഇന്ദുലേഖയോട് ചോദിച്ചത് ”മോളേ നീ വല്ല വിഷവും എനിക്ക് കലക്കിത്തന്നോ..”എന്നായിരുന്നു.
ഈ ചോദ്യത്തിന് ”മരണക്കിടക്കയിലാണ്. അതോർത്ത് സംസാരിച്ചോ..” എന്ന പരുക്കമാർന്ന മറുപടിയാണ് ഈ പെറ്റമ്മയ്ക്ക് ലഭിച്ചത്. ഇതെല്ലാം കേട്ട് രുഗ്മിണിയുടെ ഭർത്താവ് ചന്ദ്രൻ അടുത്തുണ്ടായിരുന്നു. മകളുടെ ഈ വാക്കുകൾ ചന്ദ്രനാണ് പോലീസിനോട് വെളിപ്പെടുത്തിയത്. ”അമ്മ മരിക്കാൻ പോകുന്നുവെന്ന് എങ്ങനെ മനസിലായി?..” പൊലീസ് ഇന്ദുലേഖയോട് ആവർത്തിച്ചു ചോദിച്ചു. അമ്മയുടെ മോശമായ ആരോഗ്യ അവസ്ഥ കണ്ടപ്പോൾ വെറുതെ പറഞ്ഞതാണെന്ന് ഇന്ദുലേഖ മറുപടി നൽകി.
വിദേശത്തുള്ള ഇന്ദുലേഖയുടെ ഭർത്താവ് അറിയാതെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തി വായ്പയെടുത്ത ഇന്ദുലേഖയ്ക്ക് 8 ലക്ഷത്തിലധികം രൂപയുടെ ബാധ്യതയുണ്ട്. കഴിഞ്ഞ 18ന് ഭർത്താവ് അവധിക്ക് നാട്ടിൽ എത്തിയിരുന്നു. ഇയാൾ ആഭരണം എവിടെയെന്നു തിരക്കുമെന്ന് ഇന്ദുലേഖ ഭയപ്പെട്ടു. ഇവരുടെ പിതാവ് ചന്ദ്രൻ ഉത്സവ പറമ്പുകളിൽ ബലൂൺ കച്ചവടക്കാരനാണ്.
രോഗിയായ ഇയാളുടെയും ഭാര്യയുടെയും പേരിലുള്ള വീടും പറമ്പും തട്ടിയെടുത്ത് വിറ്റു ബാധ്യത തീർക്കാൻ ഇന്ദുലേഖ പദ്ധതിയിട്ടു. ഇവരുടെ 2 മക്കളിൽ മൂത്തവളായ ഇന്ദുലേഖയെയാണ് സ്വത്തിന്റെ അവകാശിയായി രുഗ്മിണി കാണിച്ചിരുന്നതെന്നാണ് സൂചന. ഈ വീട് കൈക്കലാക്കുവാൻ വേണ്ടിയാണ് രുഗ്മിണിയെ ഇല്ലാതാക്കാൻ ഇന്ദുലേഖ തീരുമാനിച്ചത്. ഇന്ദുലേഖയ്ക്ക് ഇത്രയേറെ ബാധ്യത വരാൻ കാരണം, ഓൺലൈൻ റമ്മിയിലൂടെയാണെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post