കൊച്ചി: മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ. കെഎം ബഷീറിന്റെ സഹോദരൻ അബ്ദു റഹ്‌മാൻ ഹാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേരള പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം ആരോപിച്ചു. ബഷീറിന്റെ മൊബൈൽ ഫോൺ കണ്ടെത്താത്തതിൽ ദുരൂഹതയുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്.
കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹർജിയിലുള്ളത്. പ്രോസിക്യൂഷൻ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സഹായിക്കുന്നുവെന്നും ശ്രീറാം വെങ്കിട്ടരാമന്റെ അവിഹിത ബന്ധവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ബഷീറിന്റെ പക്കലുണ്ടായിരുന്നു എന്നുമാണ് കുടുംബം പറയുന്നത്. ഇതിലുള്ള വൈരാഗ്യമാണ് ബഷീറിന്റെ മരണത്തിലേക്ക് എത്തിച്ചതെന്ന് ഹർജിയിൽ കുടുംബം ആരോപിച്ചു.
കൊലപ്പെടുത്തണമെന്ന ഉദ്യേശത്തോടെ ശ്രീറാം വെങ്കിട്ടരാമൻ വാഹനമിടിപ്പിച്ചു എന്നാണ് ഹർജിയിലെ ആരോപണം. യഥാർത്ഥ വസ്തുതകൾ പുറത്തുവരാൻ ഇപ്പോഴത്തെ അന്വേഷണം പര്യാപ്തമല്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.
2019 ഓഗസ്റ്റ് മൂന്നിനായിരുന്നു കെഎം ബഷീർ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും സഞ്ചരിച്ച കാറിടിച്ച് കൊല്ലപ്പെട്ടത്. കെഎം ബഷീർ കൊല്ലപ്പെട്ടിട്ട് മൂന്നു വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ നടപടികൾ ഇതുവരെയും തുടങ്ങിയില്ല. പലവാദങ്ങൾ ഉന്നയിച്ച് കോടതി നടപടികൾ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് ശ്രീറാമിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.