കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ അഭിപ്രായം വെളിപ്പെടുത്തിയതില്‍ മാധ്യമങ്ങള്‍ തന്നെ തെറ്റായി വ്യാഖ്യാനിക്കുന്നെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍. തന്നെ സ്വവര്‍ഗ്ഗരതി ആസ്വദിക്കുന്ന ഒരാളായിട്ടാണ് മാധ്യമങ്ങള്‍ ചിത്രീകരിച്ചത്. ഇതില്‍ ശക്തമായ അമര്‍ഷം രേഖപ്പെടുത്തുന്നെന്ന് മുനീര്‍ കോഴിക്കോട് പറഞ്ഞു.
താന്‍ പറഞ്ഞതിന് വിപരീതമായിട്ടാണ് വാര്‍ത്ത നല്‍കുന്നത്. വിപരീത അര്‍ത്ഥത്തില്‍ എടുക്കുന്നത് ജീവിതത്തെ ബാധിക്കുന്നുണ്ടെന്നും എംകെ മുനീര്‍ പറഞ്ഞു. മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ആശയം മറ്റുള്ളവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കരുത്. താന്‍ മന്ത്രി ആയിരിക്കെയാണ് പോക്‌സോ നിയമം നടപ്പാക്കാന്‍ മുന്‍കൈ എടുത്തത്. ചൈല്‍ഡ് റൈറ്റ്‌സ് കമ്മീഷന്‍ ആദ്യമായി നടപ്പാക്കിയതും അന്നാണെന്ന് മുനീര്‍ പറഞ്ഞു. ഇതെല്ലാം അറിയുന്ന താന്‍ എന്തിനാണ് പോക്‌സോ എന്ന് ചോദിക്കുമോ? ട്രോളുകളില്‍ തന്നെ സ്വവര്‍ഗരതിക്കാരനായി ചിത്രീകരിക്കുന്നു. ഇത് തന്റെ സ്വത്വത്തെ പോലും ബാധിക്കുന്നതായും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ആയതുകൊണ്ടല്ല, മറിച്ച് ധാര്‍മികതയുടെ വശത്തു നിന്നാണ് സംസാരിക്കുന്നത്. സംസ്ഥാനത്ത് പോക്സോ കേസുകള്‍ വര്‍ധിക്കുന്നു. എന്നാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലിംഗ സമത്വം എന്ന വാക്ക് മാറ്റിയതു കൊണ്ടുമാത്രം യഥാര്‍ത്ഥ പ്രശനം പരിഹരിക്കപ്പെടുന്നില്ല. ലിംഗ സംവേദനക്ഷമത ഉണ്ടാകണം. ലോകത്തെ പലയിടത്തും സ്വവര്‍ഗരതി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പ്രായപരിധി ഇല്ലാതെ ഇത് ഭാവിയില്‍ അംഗീകരിക്കപ്പെടുമെന്നും മുനീര്‍ പറഞ്ഞു.