കാമുകൻ ഉപേക്ഷിച്ചതിന്റ വിഷമത്തിൽ കാമുകന്റെ നാട്ടിലെത്തി പുഴയിലേക്ക് ചാടാൻ ശ്രമിച്ച് യുവതി; പാഞ്ഞെത്തി രക്ഷിച്ച് റാന്നി പോലീസ്

റാന്നി: കാമുകൻ ഉപേക്ഷിച്ചതിന്റെ വിഷമത്തിൽ പുഴയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ പോലീസ് രക്ഷപ്പെടുത്തി. റാന്നി വലിയപാലത്തിൽനിന്ന് പമ്പാനദിയിലേക്ക് ചാടി ആത്മഹത്യചെയ്യാൻ ശ്രമിച്ച യുവതിയെയാണ് പോലീസ് തന്ത്രപരമായി രക്ഷിച്ചത്.

ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. ചങ്ങനാശ്ശേരിക്കാരിയായ 22-കാരിയാണ് നദിയിൽ ചാടാൻ ശ്രമിച്ചത്. റാന്നി സ്വദേശിയുമായി ഇവർ നാലുവർഷത്തിലേറെയായി പ്രണയത്തിലാണെന്നാണ് യുവതി പോലീസിനെ അറിയിച്ചത്. ഇപ്പോൾ മറ്റൊരാളെ വിവാഹം കഴിക്കാനൊരുങ്ങുന്നുവെന്നറിഞ്ഞാണ് യുവതി റാന്നിയിലെത്തിയത്. തുടർന്ന് പാലത്തിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

വാട്‌സാപ്പ് കോളിലൂടെ ഇവരുമായി 15 മിനിറ്റോളം സംസാരിച്ച് പോലീസ് അതിവേഗം പാലത്തിലെത്തുകയായിരുന്നു. പോലീസ് ജീപ്പ് കണ്ട് നദിയിലേക്ക് ചാടാൻ ശ്രമിച്ച യുവതിയെ സിപിഒമാരായ എൽടി ലിജു, അഞ്ജന, ജോണ്ടി എന്നിവർ ചേർന്നാണ് രക്ഷിച്ചത്.

യുവതി കുതറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ യുവതിയുടെ നഖംകൊണ്ട് ലിജുവിന് നിസ്സാരപരിക്കേറ്റിട്ടുണ്ട്. പാലത്തിനരികിലെത്തി ചാടാൻ ഒരുങ്ങുകയാണെന്നറിയിച്ച് ഇവർ കാമുകന് സന്ദേശമയച്ചിരുന്നു. പാലത്തിൽ നിൽക്കുന്നതിന്റെ ചിത്രവും അയച്ചു. അവർ അതുടനെ പോലീസിന് കൈമാറുകയായിരുന്നു.

സ്റ്റേഷനിൽ ഫോൺ എടുത്ത സിപിഒ ലിജു മറ്റ് രണ്ടുപേർക്കുമൊപ്പം പാലത്തിലെത്തി. അവിടെ യുവതിയെ കാണാത്തതിനാൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോൺ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് വാട്‌സാപ്പ് കോളിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചു. ബെല്ലടിക്കുന്നുണ്ടായിരുന്നെങ്കിലും എടുത്തില്ല. തുടർച്ചയായി ശ്രമിച്ചപ്പോൾ ഫോൺ എടുത്തു.

also read- അമ്മയ്ക്ക് വിഷം നൽകിയ മകൾ അച്ഛനും വിഷം നൽകി; രുചി വ്യത്യാസം കാരണം ചായ കളഞ്ഞതുകൊണ്ട് ജീവൻ രക്ഷപ്പെട്ടെന്ന് ചന്ദ്രൻ

ഫോട്ടോയിൽ യുവതി നിൽക്കുന്ന സ്ഥലം ഐത്തലയാണെന്ന നിഗമനത്തിൽ പോലീസ് അവിടേക്ക് നീങ്ങിയിരുന്നു. എന്നാൽ, വലിയ പാലത്തിലാണ് നിൽക്കുന്നതെന്ന് യുവതി പറഞ്ഞതോടെ ഉടൻ ജീപ്പ് അതിവേഗം ഓടിച്ച് പാലത്തിലെത്തുകയായിരുന്നു.

ഈ സമയവും യുവതിയോട് പോലീസ് ഫോൺ കട്ട് ചെയ്യാതെ സംസാരിക്കുകയായിരുന്നു. പോലീസ് ജീപ്പ് കണ്ടതും യുവതി കൈവരിയുടെ മുകളിൽക്കയറി ചാടാൻ ശ്രമിച്ചു. ഈ സമയം, ലിജു ജീപ്പിൽനിന്ന് ചാടിയിറങ്ങി ഇവരെ ബലമായി പിടിച്ചുവെച്ചു. ഈ സമയത്ത് അഞ്ജനയും ജോണ്ടിയും ഓടിയെത്തി. മൂവരും ചേർന്ന് കുതറി വെള്ളത്തിലേക്ക് ചാടാൻശ്രമിച്ച യുവതിയെ ബലമായി ജീപ്പിൽ കയറ്റി. പോലീസ് സ്റ്റേഷനിലെത്തിച്ചു. ഒരുനിമിഷംകൂടി വൈകിയിരുന്നെങ്കിൽ ഇവർ നദിയിലേക്ക് ചാടുമായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Exit mobile version