കുന്ദംകുളം: ചായയിൽ എലിവിഷം കലർത്തി നൽകി അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകൾ ഇന്ദുലേഖ അച്ഛനെയും കൊല്ലാൻ ശ്രമിച്ചെന്ന് കണ്ടെത്തൽ. അമ്മയുടെയും അച്ഛന്റെയും പേരിലുള്ള 14 സെന്റ് ഭൂമിയും വീടും കൈക്കലാക്കാനാണ് ഇന്ദുലേഖ ഈ ക്രൂരത ചെയ്തത്. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയിൽ കലർത്തി നൽകുകയായിരുന്നു. രുചിമാറ്റം തോന്നിയതിനാൽ അച്ഛൻ ചന്ദ്രൻ ചായ കുടിച്ചില്ലെന്നും ഇതുകാരണം ജീവൻ രക്ഷപ്പെട്ടെന്നും പോലീസ് വ്യക്തമാക്കി.
കിഴൂർ ചുഴിയാട്ടയിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഈ സംഭവത്തിലാണ് പുതിയ വെളിപ്പെടുത്തൽ. രുഗ്മിണിയുടെ മരണവുമായി ബന്ധപ്പെട്ട് മകൾ ഇന്ദുലേഖയെ (39) പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഇവർ കുറ്റം സമ്മതിച്ചെന്നും പോലീസ് അറിയിച്ചു.
രുഗ്മിണിയുടെ മരണത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ വിഷാംശം കണ്ടെത്തിയത്. പതിനേഴാം തീയതിയാണ് രുഗ്മിണിക്ക് വിഷം കൊടുത്തത്. ആരോഗ്യനില വഷളായതിനെ തുടർന്ന് 19 ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് രുഗ്മിണി മരിച്ചത്.
ശരീരത്തിൽ വിഷാംശം കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ചു. ഇതോടെ ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നവരെ വിളിച്ച് പോലീസ് ചോദ്യം ചെയ്തിരുന്നു. ചായയിലെ രുചി മാറ്റവും വീട്ടിലെ കീടനാശിനിയുടെ സാന്നിധ്യവും ചന്ദ്രൻ പറഞ്ഞതോടെയാണ് ആ വഴിക്ക് അന്വേഷണം നീണ്ടത്. ചോദ്യം ചെയ്യലിൽ ഇന്ദുലേഖ കുറ്റം സമ്മതിക്കുകയായിരുന്നു.
ഇന്ദുലേഖ ഭർത്താവ് അറിയാതെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തി വായ്പയെടുത്തിരുന്നു. ഈ സംഭവത്തിൽ ഇന്ദുലേഖയ്ക്ക് 8 ലക്ഷത്തിലധികം രൂപയുടെ ബാധ്യതയുണ്ട്. ഭർത്താവിന് വിദേശത്താണ് ജോലി. കഴിഞ്ഞ 18 ന് ഭർത്താവ് അവധിക്ക് നാട്ടിൽ എത്തിയിരുന്നു. ഇയാൾ ആഭരണം എവിടെയെന്ന് അന്വേഷിക്കുമെന്ന് ഭയപ്പെട്ട ഇന്ദുലേഖ മാതാപിതാക്കളുടെ പേരിലുള്ള വീടും പറമ്പും തട്ടിയെടുത്ത് വിറ്റ് ബാധ്യത തീർക്കാൻ പദ്ധതിയിടുകയായിരുന്നു.
ഇന്ദുലേഖയുടെ പിതാവ് ചന്ദ്രൻ ഉത്സവ പറമ്പുകളിൽ ബലൂൺ കച്ചവടക്കാരനാണ്. രണ്ട് മക്കളിൽ മൂത്തവളായ ഇന്ദുലേഖയെയാണ് സ്വത്തിന്റെ അവകാശിയായി രുഗ്മിണി കാണിച്ചിരുന്നതെന്നാണ് സൂചന.
Discussion about this post